ഒരു നാള്‍ ഒരു സഞ്ചാരി നഗരത്തിലെ കാഴ്ചകള്‍ കണ്ടു നടക്കുകയായിരുന്നു. ഗ്രീസിലെ മനോഹരമായ ഒരു നഗരമായിരുന്നു അത്. സഞ്ചാരി നടന്നു നടന്ന് ഒരു പ്രതിമയുടെ മുന്നിലെത്തി. മനോഹരമായ പ്രതിമ. അസാധരണമായ രൂപം. ഓടിപ്പോകുന്ന ഒരു ദേവതയുടെ ഭാവം. സഞ്ചാരി അത്ഭുതത്തോടെ പ്രതിമയെ നോക്കി നിന്നുപോയി. ഈ പ്രതിമയുടെ പുറകിലൊരു കടങ്കഥയുണ്ട്. ആ രഹസ്യമറിയാതെ പ്രതിമയുടെ അടുത്തുനിന്ന് പോകാന്‍ അയാള്‍ മടിച്ചു. അയാള്‍ ആ പ്രതിമയുടെ മുന്നിലിരുന്നു.
സഞ്ചാരി പ്രതിമയെത്തന്നെ സൂക്ഷിച്ചുനോക്കിയിരുന്നു. അയാള്‍ ക്ഷീണിതനായിരുന്നു. പതിയെ കണ്ണുകള്‍ അടഞ്ഞു പോകുന്നു. അത്ഭുതം! അപ്പോള്‍ അയാള്‍ അതുകണ്ടു-പ്രതിമയൊന്നനങ്ങി! അത് അയാളെ നോക്കി കണ്ണിറുക്കി. തനിക്ക് തോന്നിയതായിരിക്കുമോ? അയാള്‍ അത്ഭുതപ്പെട്ടു. എന്തായാലും അയാള്‍ ചോദിച്ചു- "ആരാണ് നിന്നെ സൃഷ്ടിച്ച പ്രതിഭാശാലി?" "ലൈസിപ്പസ് എന്ന ശില്പി" പ്രതിമ ചിരിച്ചുകൊണ്ട് പറഞ്ഞു. "നിനക്കെന്താണ് ഇത്ര തിടുക്കം? എങ്ങോട്ടോ അതിവേഗം ഓടാന്‍ തുടങ്ങുന്നതുപോലെ......." സഞ്ചാരി തന്‍റെ സംശയം അവതരിപ്പിച്ചു. "ശരിയാണ്, ഞാന്‍ ഒരു നിമിഷമേ നിങ്ങളുടെ മുന്നില്‍ നില്ക്കൂ. പിന്നെ അതിവേഗം ഓടിമാറും." പ്രതിമ പറഞ്ഞു. "എത്ര അസാധാരണമാണ് നിന്‍റെ രൂപം. ഇരുകാലുകളിലും ഈ ചിറകുകള്‍ എന്തിനാണ്?" "അത്രയും വേഗത്തില്‍ ഞാന്‍ പറന്നുപോകുമെന്നാണ് ഈ ചിറകുകളുടെ അര്‍ത്ഥം." പ്രതിമ സഞ്ചാരിയുടെ ആ സംശയത്തിന് മറുപടി നല്കി." സഞ്ചാരി അതിശയത്തോടെ അടുത്ത ചോദ്യം ചോദിച്ചു : "നിന്‍റെ നെറ്റിയില്‍ നിന്ന് നീളമുള്ള തലമുടി പുറത്തേക്കു തള്ളിനിന്ന് തുള്ളിക്കളിക്കുന്നണ്ടല്ലോ!" "ഉവ്വുവ്വ്. എന്നെ കാണുന്ന നിമിഷംതന്നെ എന്‍റെ തലമുടിയില്‍ പിടിച്ച് സ്വന്തമാക്കാന്‍ മുഷ്യര്‍ക്കു കഴിയേണ്ടേ......അതിനാണ്." "പക്ഷെ, നിന്‍റെ തല മുഴുവന്‍ കഷണ്ടിയാണല്ലോ!" സഞ്ചാരി അടുത്ത സംശയം ചോദിച്ചു. "അതെ, എന്നെ കാണുന്ന നിമിഷത്തില്‍ത്തന്നെ പിടിച്ചില്ലെങ്കില്‍ ഞാന്‍ ഓടിക്കളയും. പിന്നെ പിടിക്കാന്‍ പറ്റില്ലെന്നാണ് അതിന് അര്‍ത്ഥം." പ്രതിമ വിശദീകരിച്ചു. ഇനി ഏതായാലും ആരാണ് ഇവളെന്ന് അറിഞ്ഞേ തീരൂ. സഞ്ചാരി ഒരു രഹസ്യം ചോദിക്കുന്നതുപോലെ ഒടുവില്‍ ചോദിച്ചു ; "നീ ആരാണ്? എന്താണ് നിന്‍റെ പേര്?" അതിവേഗം ഓടിമറയുന്നതിനിടയില്‍ പ്രതിമ വിളിച്ചു പറഞ്ഞു "എന്‍റെ പേരാണ് അവസരം. ഞാന്‍ പല വേഷത്തിലും രൂപത്തിലും നിങ്ങള്‍ക്കു മുന്നിലൂടെ എന്നും ഓടിപ്പോകാറുണ്ട്, സുഹൃത്തേ!"( കലാകൌമുദി ദിനപത്രം )

ലോഡുചെയ്യുന്നു...