രക്ഷിതാക്കളുടെ വരുമാനത്തില്‍ വന്ന വര്‍ധനയ്ക്കനുപാതമായി കുട്ടികളുടെ പോക്കറ്റുമണിയും കുത്തനെ ഉയര്‍ന്നതായി പഠനം. പത്തു വര്‍ഷത്തിനിടെ നഗരങ്ങളിലെ വിദ്യാര്‍ഥികളുടെ പോക്കറ്റ്മണി ആറു മടങ്ങായി വര്‍ധിച്ചുവെന്ന് വ്യവസായ സംഘടനയായ 'അസോച്ചം' നടത്തിയ പഠനം വെളിപ്പെടുത്തി. നഗരങ്ങളിലെ ഇടത്തരം കുടുംബത്തിലെ കുട്ടികള്‍ക്ക് പ്രതിമാസം ലഭിക്കുന്ന പോക്കറ്റ്മണി മൂന്നൂറ് രൂപയില്‍നിന്ന് 1800 വരെയായി ഉയര്‍ന്നു. 'നഗരങ്ങളിലെ പോക്കറ്റ്മണിയുടെ പ്രവണത' എന്ന വിഷയത്തില്‍ നടന്ന പഠനവുമായി 2500 വിദ്യാര്‍ഥികള്‍ സഹകരിച്ചു. സാങ്കേതികരംഗത്തും ഭക്ഷണരീതികളിലും വന്ന മാറ്റങ്ങള്‍ കുട്ടികള്‍ ചെലവിടുന്ന രീതികള്‍ക്കും മാറ്റം വരുത്തി. ഫാസ്റ്റ്ഫുഡ്, ശീതളപാനീയങ്ങള്‍, വസ്ത്രങ്ങള്‍, സമ്മാനങ്ങള്‍, മൊബൈല്‍ റീച്ചാര്‍ജ് കൂപ്പണുകള്‍, ചോക്കലേറ്റ്, സൌന്ദര്യവര്‍ധക വസ്തുക്കള്‍, മാഗ്സീനുകള്‍, കമ്പ്യൂട്ടര്‍ ഗെയിം, സിനിമ എന്നിവയക്കായി പത്തിനും പതിനേഴുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ധാരാളമായി ചെലവാക്കുന്നു.
കുട്ടികള്‍ക്ക് കിട്ടുന്ന പണത്തിന്‍റെ 73 ശതമാനവും ചോക്കലേറ്റും പലഹാരങ്ങളും വാങ്ങാനായി ചെലവാക്കുന്നു. പിറന്നാള്‍ സമ്മാനമായും പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്കുനേടിയതിനും കുട്ടികള്‍ക്ക് പണം കിട്ടുന്നുണ്ട്. നഗരങ്ങളില്‍ 15-17 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് ആഴ്ചയില്‍ ശരാശരി 350 രൂപയോളവും 12-15 വയസ്സുകാര്‍ക്ക് 200 രൂപയോളവും പോക്കറ്റ്മണി ലഭിക്കുന്നുണ്ടെന്ന് പഠനം പറയുന്നു.
( മാതൃഭൂമി ദിനപത്രം )

ലോഡുചെയ്യുന്നു...