Webdunia: Portal - Search - Mail - Greetings   More >>
Support | Font Download | Feedback
Search  
Welcome, Guest  [ Register | Sign In ]

സംസ്കൃത മാഹാത്മ്യം

സംസ്കൃതം പഠിക്കുക, സംസ്കൃതരാവുക

ആറ്റൂര്‍ - ഈ പേര് പുറം ലോകം ഒരുപക്ഷെ ശ്രദ്ധിക്കാന്‍ തുടങ്ങിയത് ആറ്റൂര്‍ കൃഷ്ണ പിഷാരോടി സാഹിത്യ രംഗത്ത് എഴുതുവാന്‍ തുടങ്ങിയതിനുശേഷമാകും. കൌമാരം പിന്നിടുന്നതിനു മുമ്പുതന്നെ കൂടുതല്‍ വിജ്ഞാനം തേടി കോടുങ്ങല്ലൂരും തിരുവനന്തപുരത്തും തൃപ്പൂണിത്തുറയിലുമൊക്കെയായി കര്‍മ്മരംഗം കണ്ടെത്തിയ ആറ്റൂര്‍ ഒരിക്കലും തന്‍റെ ജന്മഗ്രാമത്തിന്‍റെ പേര് ഉപേക്ഷിച്ചില്ല. സംസ്കൃത പണ്ഡിതന്‍, ഭാഷാഗവേഷകന്‍, ചരിത്രകാരന്‍, സംഗീതജ്ഞന്‍, വൈദ്യം കൈകാര്യം ചെയ്യുന്ന ആള്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞു നിന്ന അദ്ദേഹത്തെ അനുസ്മരിക്കുന്ന ഒരു സമ്മേളനത്തില്‍ നിന്ന്.

ഇപ്രാവശ്യം നവംബര്‍ 11ന് ആറ്റൂര്‍ ഗ്രാമീണ വായനയശാലയില്‍ വെച്ച് ആറ്റൂര്‍ കൃഷ്ണപിഷാരോടി അനുസ്മരണ പ്രഭാഷണം നടത്തിയത് സംസ്കൃത ഭാഷാപണ്ഡിതനും കൂടിയാട്ടം തുടങ്ങിയ ക്ലാസിക്കല്‍ കലകളെക്കുറിച്ച് ആധികാരികമായി അറിവുള്ളയാളുമായ ഡോ.കെ.ജി.പൌലോസ് മാസ്റ്ററാണ്. മാസ്റ്ററിപ്പോള്‍ കേരളത്തിന്‍റെ തിലകക്കുറിയായ കലാമണ്ഡലം കല്പിത സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലറാണ്. സംസ്കൃത നാടകങ്ങളെക്കുറിച്ച്, ഭാസന്‍ തുടങ്ങിയവരുടെ സംഭാവനകളെക്കുറിച്ച് ആറ്റൂര്‍ നടത്തിയിട്ടുള്ള ഗവേഷണങ്ങളെക്കുറിച്ച് അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

വിദ്യാര്‍ത്ഥികളായ ഞങ്ങളെ സംബന്ധിച്ചിടത്തോളം പൌലോസ് മാസ്റ്ററുടെ പ്രസംഗത്തിന്‍റെ രണ്ടാംഭാഗമാണ് കൂടുതല്‍ രസകരമായി തോന്നിയത്. സംസ്കൃതം പഠിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തു പറഞ്ഞു.

പണ്ട് സംസ്കൃതം വേദഭാഷയാണെന്നും സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമാണെന്നും ഒരു വിശ്വാസം നിലനിന്നിരുന്നു. ഇതൊന്നും തങ്ങള്‍ക്ക് പറ്റിയതല്ലെന്നും സാധാരണക്കാര്‍ വിശ്വസിച്ചു. സംസ്കൃത പഠനം രസകരമാക്കാം എന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. രസകരമായ ഒന്നുരണ്ടുദാഹരണങ്ങള്‍ അദ്ദേഹം നിരത്തി. അതിലൊന്നിതാ :-

"ചന്ദ്രവര്‍ വര്‍ത്തുളാകാര

കുന്തവര്‍ ദവള പ്രഭ

ഇന്ദ്രവച്ച സഹസ്രാക്ഷ

ദോശക വീണ:ന്തു"

ചന്ദ്രനെപ്പോലെ വട്ടത്തിലുള്ളതും ഇന്ദ്രന്‍റെപോലെ ആയിരം കണ്ണുള്ളതും മുല്ലപ്പൂപോലെ വെളുത്തതുമായ ദോശ എനിക്ക് കിട്ടട്ടെ എന്നാണ് ഈ ശ്ലോകത്തിന്‍റെ പരിഭാഷ.

മറ്റൊരു ശ്ലോകത്തിന്‍റെ പരിഭാഷ ഇപ്രകാരമാണ്. ചിത ആളിക്കത്തുന്നതു കണ്ടിട്ട് അതു വഴി പോകുന്ന ഒരു വൈദ്യന് കലശലായ സംശയം. താനോ തന്‍റെ ജ്യേഷ്ഠനോ ഈ വഴി രണ്ടു ദിവസത്തേക്ക് വന്നിട്ടില്ല. പിന്നെ എങ്ങനെയാണ് ഒരു മരണം സംഭവിച്ചത്. ഫലിതം നിറഞ്ഞു തുളുമ്പുന്ന ഈ ശ്ലോകങ്ങള്‍ അര്‍ത്ഥമറിഞ്ഞു മനസ്സിലാക്കിയാല്‍ ഹാസ്യത്തിന്‍റെ മുന്‍പന്തിയില്‍ തന്നെയെന്ന് കാണാം.

ഇങ്ങനെ തടസ്സങ്ങളില്ലാതെ നീങ്ങിയ ആ വാക്ധോരണി ഇനിയും ഏറെ നല്‍കാനുണ്ട് എന്ന പ്രതീതി ജനിപ്പിച്ച് അവസാനിപ്പിച്ചപ്പോള്‍ കുട്ടികളായ ഞങ്ങള്‍ മാസ്റ്ററുടെ അടുത്തേക്ക് ഓടിച്ചെന്നു. മാഷ് ഇനിയും വരണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിച്ചു. 'സംകൃതരാകും' എന്ന് ഞങ്ങള്‍ ഉറപ്പിച്ചു.

( ഹൃദ്യ എം.പി. തുളസീദളം ഡിസംബര്‍ - 2007 ല്‍ എഴുതിയ ലേഖനം )

നിരാകരണവ്യവസ്ഥ