ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ രണ്ടുമാസമായി ഉറക്കമിളിച്ച് പിടിക്കാന്‍ നോക്കിയിട്ടും പിടിക്കാന്‍ പറ്റാതിരുന്ന കുപ്രസിദ്ധ മോഷ്ടാവിനെ ഒരു പെണ്‍കുട്ടി മിസ്ഡ് കോളില്‍ കുടുക്കി.
തന്‍റെ വീട്ടില്‍ നിന്ന് മോഷ്ടിച്ചെടുത്ത മൊബൈലിലൂടെ തന്നെ പെണ്‍കുട്ടി കള്ളനെ കുടുക്കുകയായിരുന്നു. ഒരാഴ്ചകോണ്ട് തന്‍റെ മനസു കീഴടക്കിയ പെണ്‍കുട്ടിയെ ഒരു നോക്കുകാണാന്‍ ഓടിയെത്തിയ കള്ളന്‍ വീണത് പെണ്‍കുട്ടിയും നാട്ടുകാരും ഒരുക്കിയ കെണിയില്‍. രണ്ടു മാസമായി തങ്ങളുടെ ഉറക്കം കളഞ്ഞ കള്ളനെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണ് പോലിസിന് വിട്ടുകൊടുത്തത്. മോഷ്ടിച്ച തുക തിരികെ നല്‍കിയാല്‍ വീട്ടയയ്ക്കാമെന്ന് നാട്ടുകാര്‍ പറഞ്ഞതനുസരിച്ച് കള്ളന്‍ കൂട്ടുകാരനെ വിളിച്ച് അമ്പതിനായിരം രൂപയുമായി വരാന്‍ ആവശ്യപ്പെട്ടു. തുകയുമായെത്തിയ രണ്ടാമനും നാട്ടുകാരുടെ പിടിയിലായി. പക്ഷെ നാട്ടുകാരുടെ തലോടല്‍ ലഭിക്കുന്നതിന് മുമ്പ് അയാള്‍ ഓടി പൊലീസ് ജീപ്പില്‍ കയറിയിരുന്നു. അല്ലപ്ര-കണ്ടന്തറ ഭാഗങ്ങളില്‍ രണ്ടു മാസത്തോളമായി മോഷണം പതിവായിട്ടുണ്ട്. നാട്ടുകാര്‍ കള്ളനെ പിടിക്കാന്‍ ഉറക്കമിളച്ച് രണ്ടുമാസത്തോളം കാത്തിരുന്നിട്ടും നടന്നില്ല. അതിനിടെ ഒരാഴ്ച മുമ്പ് ഒരു വീട്ടില്‍ കയറി മോഷ്ടിച്ചെടുത്ത സാധനങ്ങളുടെ കൂട്ടത്തില്‍ വീട്ടുടമയുടെ മൊബൈലും ഉണ്ടായിരുന്നു. ആദ്യം മൊബൈല്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും രണ്ടു ദിവസം കഴിഞ്ഞ് വീട്ടുടമയുടെ മകള്‍ വെറുതെ വിളിച്ചപ്പോള്‍ മറുപടി ലഭിച്ചു. നമ്പര്‍ മാറിപ്പോയതാണ് എന്നു പറഞ്ഞ് പെണ്‍കുട്ടി ഫോണ്‍വച്ചു. ഇടയ്ക്കിടെ പെണ്‍കുട്ടി 'മിസ്ഡ് കോള്‍' കൊടുത്തതോടെ കള്ളന്‍ സ്ഥിരമായി തിരിച്ചു വിളിക്കാന്‍ തുടങ്ങി. നേരിട്ടു കാണാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വൈകീട്ട് കാലടിയിലുള്ള ഒരു സ്വകാര്യ ആശുപത്രിക്ക് മുമ്പില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടി വിവരം വീട്ടുകാരോട് പറഞ്ഞതനുസരിച്ച് വീട്ടുകാരും നാട്ടുകാരും രണ്ടു കാറുകളിലായി എത്തി കള്ളനെ പിടികൂടുകയായിരുന്നു.( കലാകൌമുദി ദിനപത്രം. )

ലോഡുചെയ്യുന്നു...