Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

നിറ കണ്ണുകളോടെ ജെനിഫര്‍

കനിവിന്‍റെ വഴിയില്‍ വിജയഗാഥകള്‍

ജെനിഫര്‍ ഡേവിഡ് ഇന്ന് അദ്ധ്യാപികയാണ്. നിര്‍ധനകുടുംബത്തിലെ നിരവധി കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കുന്നു. എന്നാല്‍, ജെനിഫര്‍ ഈ നിലയിലേക്ക് എത്തിയതിന്‍റെ പിന്നിലുള്ള വഴികള്‍ ദുരിതമയമായിരുന്നു. തന്നെ പഠിപ്പിച്ച, ഇതുവരെ നേരില്‍ കാണാത്ത തന്‍റെ സ്പോണ്‍സറെക്കുറിച്ചുള്ള സ്നേഹത്തിന്‍റെ ഓര്‍മ്മകള്‍ താലോലിക്കാനും ജെനിഫര്‍ മറക്കുന്നില്ല.

വിഴുപുരം ജില്ലയിലെ മേല്‍മലയന്നൂരിലാണ് ജെനിഫര്‍ ഡേവിഡിന്‍റെ ജനനം. ഒരു നിര്‍ധന കര്‍ഷക കുടുംബത്തിലെ മൂത്തവള്‍; ചെറുപ്പത്തിലെ പഠിക്കാന്‍ മിടുക്കി. ഒരുനേരത്തെ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്ന അഞ്ചംഗ കര്‍ഷക കുടുംബമായിരുന്നു അവരുടേത്. വേള്‍ഡ് വിഷന്‍ എന്ന സന്നദ്ധസംഘടന ജെനിഫര്‍ക്ക് സ്പോണ്‍സറെ കണ്ടെത്തുന്നതോടെ കഥ മാറുന്നു.

ഒരിക്കലും നേരില്‍ കാണുകപോലും ചെയ്യാത്ത, ഒരാളുടെ സാമ്പത്തിക സഹായത്തില്‍ ജെനിഫര്‍ പഠിച്ചു. ഒരു അധ്യാപികയാവുകയായിരുന്നു ജീവിതലക് ഷ്യം. എസ്.എസ്.എല്‍.സി.യില്‍ ഉന്നത വിജയം നേടിയ ജെനിഫര്‍ അധ്യാപനത്തില്‍ പരീശീലനവും നേടി. തുടര്‍ന്ന് മേല്‍മലയന്നൂരിലെ സ്വകാര്യസ്കൂളില്‍ അധ്യാപികയായി.

സ്കൂളില്‍നിന്നും ഒഴിവുകിട്ടുമ്പോള്‍ നിര്‍ധന കുടുംബത്തിലെ കുട്ടികള്‍ക്ക് അക്ഷരം പകര്‍ന്നുനല്‍കാന്‍ സമയം കണ്ടെത്തുന്നു. ' സാമ്പത്തിക പരാധീനതമൂലം കുട്ടികള്‍ പഠിക്കാതിരിക്കരുത്. എന്‍റെ അനുഭവം മറ്റുള്ളവര്‍ക്കും പാഠമാകണം ' - നിറകണ്ണുകളോടെ ജെനിഫര്‍ ഇങ്ങനെ പറയുമ്പോള്‍, നിങ്ങള്‍ക്ക് പിന്തുണയുമായി ഞങ്ങള്‍ കൂടെയുണ്ട് എന്ന ഉറപ്പുമായി വേള്‍ഡ് വിഷന്‍ നാഷണല്‍ ഡയറക്ടര്‍ ഡോ. ജയകുമാര്‍ ക്രിസ്ത്യനും ഉറച്ചു നില്‍ക്കുന്നു.

പാട്ടത്തിനെടുത്ത കൃഷിഭൂമിയില്‍ ജോലിചെയ്യുന്ന ഡേവിഡിന്‍റേയും വയലറ്റിന്‍റേയും മൂത്തമകളാണ് ജെനിഫര്‍ ഡേവിഡ്. "ഞങ്ങള്‍ അഞ്ചാംക്ലാസ് വരെ തന്നെ വളരെ കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ചത്. അതിനുശേഷം ഞങ്ങള്‍ പഠനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അധ്യാപികയാവണമെന്നു പറഞ്ഞ് അവള്‍ കരയുകയായിരുന്നു. ഇതറിഞ്ഞാണ് ഇവര്‍ എത്തിയത്. ഇപ്പോള്‍ സന്തോഷം തോന്നുന്നു. ഞങ്ങള്‍ അവളുടെ സംരക്ഷണത്തിലാണ്." -ജെനിഫറിന്‍റെ അമ്മ വയലറ്റ് പറഞ്ഞു. ജെനിഫറിന്‍റെ സഹോദരി ഷീബയുടെ പഠന സ്പോണ്‍സര്‍ഷിപ്പും വേള്‍ഡ് വിഷന്‍ ഏറ്റെടുത്തിരിക്കുകയാണ്.ഷീബ ബി.ബി.എ. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. സന്മനസ്സുള്ള ഏതാനും വ്യക്തികളുടെ ഉദാരതയില്‍ ഇവിടെ ഒരു കുടുംബമാണ് പച്ചപിടിച്ചത്.

( മാതൃഭൂമി ദിനപത്രം )

നിരാകരണവ്യവസ്ഥ