ട്രെയിന്‍ പുറപ്പെട്ടുതുടങ്ങി. യാത്രക്കാര്‍ വളരെയധികം. വൈകീട്ട് 5 മണിക്കുള്ള ഷട്ടില്‍ ട്രെയിനായിരുന്നു. നഗരത്തില്‍നിന്ന് ജോലികഴിഞ്ഞ് പോകുന്നവരും കോളേജ് കുട്ടികളുമായിരുന്നു യാത്രക്കാരിലധികവും. ട്രെയിനിലെ ജനാലക്കരുകില്‍ ഒരു അച്ഛനും അയാളുടെ മുപ്പത് വയസ്സോളം പ്രായം തോന്നിക്കുന്ന മകനും ഇരിപ്പുണ്ട്. ട്രെയിന്‍ ഓടിത്തുടങ്ങിയപ്പോള്‍ വൃദ്ധന്‍റെ മകന്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടാന്‍ തുടങ്ങി.
" അച്ഛാ നോക്കൂ..... പച്ച നിറമുള്ള മരങ്ങള്‍ പുറകോട്ട് ഓടി മറയുന്നത് കാണാന്‍ എന്തു ഭംഗിയാണ്"
മുപ്പതോളം പ്രായമുള്ള മകന്‍റെ തുള്ളിച്ചാടല്‍ കണ്ട് വണ്ടിയിലെ സ്ഥിരം യാത്രക്കാര്‍ പരസ്പരം നോക്കി ഗൂഡമായി ചിരിച്ചു. ഓഫീസ് പ്യൂണായ തോമസ് പറഞ്ഞു ' വട്ടാണെന്നാ തോന്നുന്ന് ' ബാങ്ക് ക്ലാര്‍ക്കായ സുമതി അടുത്തു നിന്ന കൂട്ടുകാരിയോട് അടക്കം പറഞ്ഞു ചിരിച്ചു. പെട്ടെന്ന് തുലാവര്‍ഷത്തിന്‍റെ വരവറിയിച്ച് ഇടിവെട്ടി. മഴ പെയ്യാന്‍ തുടങ്ങി. ജനാലയുടെ അരികിലിരുന്ന ചെറുപ്പക്കാരന്‍ അപ്പോഴും ചില്ലു പാളികള്‍ നീക്കിയില്ല. മഴ തിമര്‍ത്തു പെയ്യാന്‍ തുടങ്ങിയപ്പോള്‍ ചെറുപ്പക്കാരന്‍ വീണ്ടും സന്തോഷവാനായി. അയാള്‍ പുറത്തേക്ക് കൈനീട്ടി. കൈക്കുമ്പിളില്‍ വെള്ളമെടുത്തു. അയാള്‍ പറഞ്ഞു " അച്ഛാ....... മഴക്കെന്തൊരു ഭംഗ്യാ......" ചെറുപ്പക്കാരന്‍ പറയുന്നതു കേട്ട് എല്ലാവരും പുറത്തേക്ക് നോക്കി. അവര്‍ അവിടെ ഒന്നും കണ്ടില്ല. കനത്ത മഴത്തുള്ളികള്‍ നൂല്‍ വണ്ണത്തില്‍ വീഴുന്നതല്ലാതെ. പിന്നെ പാലത്തിന്നരികിലുള്ള വേനല്‍ പച്ചയുടെ വെളുത്തപൂക്കള്‍ പഞ്ഞിക്കെട്ടു പോലെ നനഞ്ഞിരിക്കുന്നു. അത്രമാത്രം. ഇതൊക്കെ എത്രയോ വര്‍ഷമായി പലതവണ കാണുന്നു. മഴത്തുള്ളികള്‍ ജനാലയിലൂടെ ദേഹത്ത് സ്പര്‍ശിച്ചപ്പോള്‍ കോളേജ് കുമാരി രേശ്മക്ക് ദേഷ്യം വന്നു. രേശ്മയെ സഹായിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചില സഹയാത്രികര്‍ ചെറുപ്പക്കാരനോട് അലറി " അടയ്ക്കെടാ കതക് " അവര്‍ ചെറുപ്പക്കാരന്‍റെ അച്ഛനോട് ചോദിച്ചു " മോന് എത്ര നാളായി ഈ അസുഖം തുടങ്ങീട്ട്. " ' ഞങ്ങള്‍ ആശുപത്രി വിട്ടു വരികയാണ്. ഇന്നു രാവിലെയാണ് എന്‍റെ മകനെ ഡിസ്ചാര്‍ജ് ചെയ്തത്. ജനിച്ചപ്പോള്‍ മുതല്‍ ഇവന് കാഴ്ചയുണ്ടായിരുന്നില്ല. കഴിഞ്ഞ ആഴ്ചയിലാണ് ഇവന് കണ്ണ് കിട്ടിയത്. ഈ കാഴ്ചകളൊക്കെ ആദ്യായിട്ടാണ് ഇവന്‍ കാണുന്നത്. അതുകൊണ്ടാണ്........... നിങ്ങള്‍ ക്ഷമിക്കണം........." വയസ്സായ അച്ഛന്‍ താഴ്മയോടെ പറഞ്ഞു.......
ലോഡുചെയ്യുന്നു...