ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മണ്ടത്തരം കേന്ദ്രസര്‍ക്കാരിന് പിന്തുണ വലിച്ചതോടെ പ്രകാശ് കാരാട്ടും അദ്ദേഹത്തിന്‍റെ സഖാക്കളും കൂടി ചെയ്തു. ചരിത്രപരമായ ബുദ്ധിശൂന്യത എന്നുവേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം.
അമേരിക്കയുമായുള്ള അടുപ്പം ഇടതുപക്ഷത്തിന് സഹിക്കാവുന്നതിനും അപ്പുറമാണ്. ആണവ കരാര്‍ അത്ര വലിയ പാപമാണോ? ഈ പറയുന്ന ഇടതുപക്ഷത്തിനും വലിയ തിട്ടമില്ല. അനുകൂലിച്ചും പ്രതികൂലിച്ചും വിധി പറഞ്ഞ നമ്മുടെ ജനപ്രതിനിധികള്‍ക്കും എത്ര വിവരമുണ്ടെന്ന് അറിയുകയുമില്ല. നമ്മുടെ പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതി ഏ.പി.ജെ. അബ്ദുല്‍കലാം അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു - ആണവ കരാര്‍ ഭാരതത്തിന് ആവശ്യമാണ്. ഇനി ഒന്നുമറിയാത്ത പാവം ജനങ്ങള്‍ ബാക്കിയെല്ലാം കാലത്തിന് വിട്ടുകൊടുത്ത് കാത്തിരിക്കാം.യു.പി.ഏ. യുടെ പ്രമുഖ ശില്‍പികളായ ഹര്‍കിഷന്‍ സുര്‍ജിത്, ജ്യോതി ബസു മുതല്‍ പേരുടെ കൂര്‍മ്മ ബുദ്ധി പ്രകാശ് കാരാട്ടിനോ അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ക്കോ ഇല്ലെന്ന് മന്‍മോഹന്‍ സിങ്ങ് പറഞ്ഞത് വളരെ ശരിയാണ്. ഈ നേതാക്കള്‍ 50 വര്‍ഷം മുന്നില്‍ക്കണ്ട് നടപ്പാക്കിയ സഖ്യം പ്രകാശ് കാരാട്ടും കൂട്ടരും 5 വര്‍ഷം മുന്നില്‍ക്കണ്ട് വേര്‍പിരിഞ്ഞത് മാപ്പര്‍ഹിക്കാത്ത അപരാധമാണ്. ഇപ്പോള്‍ കോണ്‍ ഗ്രസിനെ കയറൂരി വിട്ടിരിക്കുകയാണ് ഇടതുപക്ഷം. യു.പി.ഏ. സഖ്യത്തിലൂടെ ഇടതുപക്ഷത്തിന്‍റെ നിരന്തരമായ ഇടപെടലുകള്‍ ഇനി കോണ്‍ഗ്രസിന് ഭയപ്പെടേണ്ടതില്ല. ഇടതുപക്ഷം പ്രവര്‍ത്തിച്ചുരുന്നത് തികച്ചും ഒരു corrective force ആയിട്ടായിരുന്നു. ഇനിമുതല്‍ അത് പ്രതീക്ഷിക്കേണ്ടതില്ല. അതിന്‍റെ മുഴുവന്‍ ദോഷവും അനുഭവിക്കേണ്ടിവരുന്നത് ഇന്ത്യന്‍ ജനതയാണെന്ന് മാത്രം. അപ്പോള്‍ എന്താണ് ദേശസ്നേഹം? എന്താണ് സാമൂഹ്യ പ്രതിബദ്ധത? ഇത് ഇടതുപക്ഷ സുഹൃത്തുക്കള്‍ ആലോചിക്കേണ്ട കാര്യമാണ്. എന്നും ഇടതുപക്ഷത്തിന് അവരുടെ തട്ടകങ്ങളിലെ നിലനില്‍പ്പാണ് പ്രധാനമായിട്ടുള്ളത്. ഇത്തരം പ്രവര്‍ത്തികളിലൂടെ ദേശീയ രാഷ്ട്രീയത്തില്‍നിന്നും അവര്‍ ഒറ്റപ്പെടുകയാണ് ചെയ്യുന്നത്. വര്‍ഗ്ഗീയ കക്ഷിയായ ബി.ജെ.പി യെ പുറത്തു നിര്‍ത്തണമെന്ന് പ്രസംഗിച്ച് നടക്കുമ്പോഴും അവരോടൊപ്പം അവിശ്വാസ പ്രമേയത്തിന് വോട്ട് ചെയ്യാന്‍ ഇടതുപക്ഷകക്ഷികള്‍ക്ക് എങ്ങനെ സാധിച്ചു എന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. പാര്‍ട്ടി സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നിരസിച്ച സോമനാഥ് ചാറ്റര്‍ജി നട്ടെല്ലുവളക്കാന്‍ കൂട്ടാക്കാത്ത ഒരു യഥാര്‍ത്ഥ ദേശനേഹിയെ നമുക്ക് കാണിച്ചു തന്നു. അദ്ദേഹത്തെ പാര്‍ട്ടി വഞ്ചകനെന്ന് പിണറായ് വിജയന്‍ വിശേഷിപ്പിച്ചു. യഥാര്‍ത്ഥത്തില്‍ ആര്‍ ആരെ വഞ്ചിച്ചു എന്നറിയാന്‍ ഇടതുപക്ഷ സഖാക്കള്‍ സ്വയം ആത്മപരിശോധന നടത്തണം. ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇടതുപക്ഷ നേതാക്കള്‍ ചെയ്തത്. സോമനാഥ് ചാറ്റര്‍ജി അക്ഷോഭ്യനായി ഇടതുപക്ഷത്തെ നേരിട്ടപ്പോള്‍ അദ്ദേഹം ഇന്ത്യന്‍ ജനതയോട് വാക്കുപാലിക്കുകയാണ് ചെയ്തത്. മാത്രവുമല്ല സ്പീക്കര്‍ ആരുടേയും ചട്ടുകമല്ല എന്ന് കൂടി അദ്ദേഹം എല്ലാ പാര്‍ട്ടികളേയും ഓര്‍മ്മപ്പെടുത്തുകയും ചെയ്തു. സോമനാഥ് ചാറ്റര്‍ജി പറഞ്ഞു " ആണവ കരാര്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെയിറക്കാനുള്ള മതിയായ കാരണമല്ല. അത് അത്ര ഗൌരവമേറിയ വിഷയുവുമല്ല. " അതെ. അതിനേക്കാള്‍ എത്രയോ നീറുന്ന പ്രശ്നങ്ങള്‍ ഇന്ത്യന്‍ ജനത ഇപ്പോള്‍ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. അതിനൊക്കെയുള്ള തിരുത്തലുകളും ഇടപെടലുകളുമാണ് ഇടതുപക്ഷം ചെയ്യേണ്ടിയിരുന്നത്. അല്ലാതെ ഒളിച്ചോട്ടമല്ല എന്ന് സോമനാഥ് ചാറ്റര്‍ജി പരോക്ഷമായി വ്യക്തമാക്കുന്നു. ഭരണത്തില്‍ പങ്കാളിയാവാതെ ഇന്ത്യ ആര്‍ ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും തീരുമാനിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമായിരുന്നു ഇടതുപക്ഷത്തില്‍ നിക്ഷിപ്തമായിരുന്നത്. അവരത് പൂര്‍ത്തികരിക്കാത്തതില്‍ ഏറെ ദുഖമുണ്ട്. എന്തടിസ്ഥാനത്തിലാണ് മായാവതിയുമായി ഇടതുപക്ഷം സഹകരിക്കുന്നതെന്ന് മനസ്സിലാവാത്ത മറ്റൊരു കാര്യം. നേരും നെറിയുമില്ലാത്ത രാഷ്ട്രീയമാണ് മായവതിയുടേത്. ഉഗ്രവിഷമുള്ള പാമ്പിനേയാണ് ഇടതുപക്ഷം ഇപ്പോള്‍ കഴുത്തില്‍ അണിഞ്ഞിരിക്കുന്നത്. എപ്പോള്‍ തിരിഞ്ഞു കടിക്കുമെന്ന് ആര്‍ക്കറിയാം. അതിനുള്ള ചികിത്സാ പദ്ധതികള്‍ ഇപ്പോഴേ ഇടതുപക്ഷം തയ്യാറാക്കികൊള്ളുക. തെറ്റ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുമുണ്ട്. അവര്‍ ഇടതുപക്ഷത്തെ വിശ്വാസത്തിലെടുത്തില്ല. പോരാത്തതിനു കോണ്‍ഗ്രസിന്‍റെ ഒരു നേതാവ് ഇടതുപകക്ഷത്തെ തീവ്രവാദികളുമായി താരതമ്യപ്പെടുത്തിയതും ഉചിതമായില്ല. മന്‍മോഹന്‍ സിംങ്ങിനോടും ചിദംബരത്തോടും കിടപിടിക്കാവുന്ന രാഷ്ട്രീയ ബുദ്ധിജീവികള്‍ ഇടതുപക്ഷത്തിനുണ്ട്. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഇതോടെ ഇപ്പോഴത്തെ ഭരണപക്ഷത്തിന് നഷ്ടമായി.നാലരവര്‍ഷത്തെ ഭരണത്തിനിടയില്‍ ഇടതുപക്ഷം സ്വന്തം ആവശ്യങ്ങള്‍ക്കായി യാതൊരുതരത്തിലുള്ള വിലപേശലുകളും നടത്തിയിട്ടില്ല എന്നതും എടുത്തു പറയേണ്ട സംഗതിയാണ്. സമാജ വാദീ പാര്‍ട്ടിയുടെ രാഷ്ട്രീയം വെറും വ്യക്തികളില്‍ ഊന്നീയുള്ളതാണ്. അതുകൊണ്ടുതന്നെ ഉദരംഭരികളായ ഈ രാഷ്ട്രീയ നേതാക്കളുടെ വിലപേശലുകളും അത്തരത്തിലുള്ളതായിരിക്കും. അമര്‍സിംങ്ങ് വെറുമൊരു പവ്വര്‍ ബ്രോക്കര്‍ മാത്രമാണ്. ഇന്ത്യന്‍ ജനതയുടെ താല്‍പര്യങ്ങളേക്കാള്‍ അയാളുടെ മുന്‍ഗണന സ്വന്തം ഇഷ്ടാനിഷ്ടങ്ങളാകുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ മറികടക്കാണ്‍ സോമനാഥ് ചാറ്റര്‍ജിയെപ്പോലുള്ള ഇച്ഛാശക്തിയുള്ള വ്യക്തികള്‍ കുറെയേറെ നമുക്ക് ആവശ്യമുണ്ട്. പാര്‍ലിമെന്‍റ് എന്ന വിദ്യാലയത്തെ ഒരു അദ്ധ്യാപകന്‍റെ നിഷ്കര്‍ഷയോടെ അദ്ദേഹം നിയന്ത്രിച്ചു. ശാസിച്ചും അഭിനന്ദിച്ചും ചിരിച്ചും അദ്ദേഹം പാര്‍ലിമെന്‍റിലെ കുട്ടികളെ നിയന്ത്രിക്കുന്നതു കണ്ടപ്പോള്‍ അഭിമാനം തോന്നി. അദ്ദേഹത്തെപ്പോലെയുള്ള ഒരു വ്യക്തിയെ കമ്മ്യുണിസ്റ്റ് മര്‍ക്സിസ്റ്റ് പുറത്താക്കിയത് കണ്ടപ്പോള്‍ നിരാശയും. പാര്‍ട്ടിയേക്കാള്‍ ഒരു വ്യക്തിയും വലുതല്ല എന്നത് തത്വത്തില്‍ സ്വികരിച്ചുകോണ്ട് പറയട്ടെ കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്.വാല്‍ക്കഷ്ണം അവിശ്വാസ പ്രമേയം ഇടതുപക്ഷത്തിന്‍റെ സൃഷ്ടിയാണെങ്കിലും ഇതിലൂടെ നേട്ടം കൊയ്തത് ബി.ജെ.പി. യാണ്. സോണിയാ ഗാന്ധി ഒരുവെടിക്ക് രണ്ടുപക്ഷികളെ വീഴ്ത്തിയെന്ന് പത്രങ്ങളില്‍ വായിച്ചു. - ഒന്ന് യൂ.പി. രാഷ്ട്രീയത്തില്‍ സമാജ് വാദി പാര്‍ട്ടിയുമായുള്ള ചങ്ങാത്തം അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസ്സിന്‍റെ നില മെച്ചപ്പെടും. രണ്ട്- ഇടതുപക്ഷത്തിന്‍റെ കുരുക്കില്‍നിന്ന് ഭരണപരമായുള്ള മോചനം. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. ക്കാണ് മുന്‍തൂക്കം. മറ്റൊന്ന് ഏതാനും എം.പി. മാരെ ബലികൊടുത്താണെങ്കിലും അമേരിക്കയുടെ പ്രീതി ബി.ജെ.പി. നേടിക്കഴിഞ്ഞു.
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍