അനിശ്ചിതാവസ്ഥയില്‍ ഓടുന്ന വണ്ടിയിലെ യാത്രയില്‍ തളര്‍ച്ച ബാധിച്ച കാല്‍വയ്പുകളോടെ ഞാന്‍ ഓഫീസിന്‍റെ പുഷ്ഡോര്‍ തള്ളിത്തുറന്ന് അകത്തുകയറി; പതിവിനു വിപരിതമായി ഓഫിസിലെത്തിയപ്പോള്‍ ഒരു മണിക്കൂര്‍ വൈകിയിരിക്കുന്നു.
അതെ; ഓഫീസിലെ എന്‍റെ ആദ്യത്തെ ലേറ്റ്മാര്‍ക്ക്. കാലവര്‍ഷം തുടങ്ങിയതേയുള്ളു. മനുഷ്യാതീതമായി വന്നുചേരുന്ന ഏതൊരു കൈകുറ്റപ്പാടും ക്ഷന്തവ്യമാണ്. ആ വിചാരത്തോടെ ഞാന്‍ മസ്റ്ററില്‍ ഒപ്പിടാന്‍ ചെന്നു. റിസപ്ഷനിസ്റ്റ് മിസ്. രോഹണി നെയ്യാര്‍ അവളുടെ വശ്യതയാര്‍ന്ന നനുത്ത ചിരിയോടെ നാലാക്കിമടക്കിയ ഒരു തുണ്ടം കടലാസ് എനിക്ക് നീട്ടി. അത്, കോഴി കാഷ്ഠിച്ചപോലെ മാനേജിങ് ഡയറക്റ്റര്‍ ഒപ്പിട്ട ഒരു സന്ദേശമായിരുന്നു. എം.ഡി. എന്നെ ഉടനെ കാണാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെയൊരു കുറിപ്പിനാധാരം എന്തായിരിക്കാം? ഒന്നു മാത്രമേ എനിക്ക് തോന്നിയുള്ളു ; ഉടനെ ബാങ്ക് റിക്കണ്‍സിലിയേഷന്‍ നടത്തി ഇന്നലെ എം.ഡി യെ ഏല്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു- തരപ്പെട്ടില്ല. മന്ത് ലി ട്രയല്‍ ബാലന്സും ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്‍റും ശരിയാക്കിയപ്പോഴേക്കും രാത്രി ഏഴു മണി കഴിഞ്ഞിരുന്നു. റിക്കണ്സിലിയേഷന്‍ അടുത്ത ദിവസമാകാം എന്നു കരുതി മേശവലിപ്പിലിട്ടു. കണിശക്കാരനായ മാനേജിങ് ഡയറക്ടറില്‍ നിന്ന് ഒരുദിവസത്തേക്കുള്ളത് വയറു നിറച്ചു മേടിക്കാമെന്ന ഉറപ്പോടെ ഞാന്‍ നടന്നു. എം.ഡി.യുടെ ക്യാബിന്‍റെ പുഷ്ഡോര്‍ ചെറുതായി മുട്ടി ശബ്ദമുണ്ടാക്കി അല്‍പം തുറന്നു. " മേ ഐ കം ഇന്‍ സര്‍? " ഇംഗ്ലീഷ് പത്രത്തിന്‍റെ ഷെയര്‍ നിലവാര പേജില്‍നിന്ന് എം.ഡി. മുഖമുയര്‍ത്തി. "യെസ്" "ഗുഡ് മോണിങ് സര്‍." " മോണിങ് മിസ്റ്റര്‍ വിജയ്. പ്ലീസ് ടേക് യുവര്‍ സീറ്റ്." എം.ഡി യുടെ സ്വരത്തില്‍ അസ്വാഭാവികതയുടെ നിഴലാട്ടം. എം.ഡി. യുടെ പതിവുരീതിയില്‍നിന്നുള്ള മാറ്റം എത്തുംപിടിയും കിട്ടാതെ ഞാന്‍ കസേരയില്‍ അമര്‍ന്നിരുന്നു. അയാളുടെ ഉണ്ടക്കണ്ണുകള്‍ തിളങ്ങി. അത് ചലിച്ചു. അയാളുടെ നീണ്ടുപരന്ന വായ് പിളര്‍ന്നു. " വിജയിന് ഇപ്പോള്‍ എത്ര വയസ്സായി? " തീരെ പ്രതീക്ഷിക്കാത്ത ചോദ്യം. ഉത്തരം മറ്റോന്നായിരുന്നു എന്‍റെ നാവിന്‍തുമ്പില്‍ വന്നത്; പക്ഷെ, ആ വാക്കുകള്‍ അവിടെത്തന്നെ തങ്ങിനില്‍ക്കുകയായിരുന്നു. ഞാന്‍ മറുപടികൊടുത്തത് എന്‍റെ യഥാര്‍ത്ഥ വയസ്സായിരുന്നു. " അതു ശരി. വിജയിന് സഹപ്രവര്‍ത്തകരെക്കാള്‍ വയസ്സ് വളരെ കമ്മി, അല്ലേ? ഞങ്ങള്‍ക്ക് അതൊന്നുംതന്നെ പ്രശ്നമല്ല. മാനേജ്മെന്‍റ് വിജയിന്‍റെ കഴിവ് അങ്ങേയറ്റം മാനിച്ച് പ്രമോഷന്‍ തരുവാന്‍ തീരൂമാനിച്ചിരിക്കുന്നു. ഞങ്ങള്‍ താങ്കളെ ഫാക്റ്ററിയുടെ മാനേജരായി അയയ്ക്കുവാന്‍ ഉദ്ദേശിക്കുന്നു. വിജയും അതില്‍ സന്തോഷിക്കുമെന്ന് ഞാന്‍ കരുതട്ടെ. " അയാളുടെ സ്വത:സിദ്ധമായ ശൈലിയില്‍ അയാള്‍ മലര്‍ക്കെ ചിരിച്ചു. തിരിച്ചൊരു പ്രതികരണത്തിനായി അയാളുടെ ചിരിയുടെ മുഴക്കത്തില്‍ ഞാന്‍ കുരുങ്ങി. സീനിയേഴ്സായി ഏറെപ്പേര്‍ തലനരച്ചിരിക്കെ, അവരെയൊക്കെ മറികടന്ന് വെറുമൊരു പയ്യന്‍ ഫാക്റ്ററിയുടെ മാനേജരാവുകയോ? ഉടനെ തിരുത്തി ഞാന്‍ വഴിതിരിഞ്ഞു........ ഇതുപോലുള്ള അവസരങ്ങള്‍ നഷ്ടപ്പെടുത്തരുത്. തേടിയെത്തിയ ദേവിയെ തട്ടിത്തെറിപ്പിക്കരുത് - ഒരിക്കലും.....ഒരിക്കലും. എന്‍റെ ഉള്ളിലെ ഞാന്‍ എന്നെ ഉപദേശിക്കുകയായിരുന്നു........ "താങ്ക് യൂ സര്‍." ക്യാബിനു പുറത്തിറങ്ങി. പ്രമോഷന്‍ വിവരം അല്‍പ ദിവസത്തേക്കെങ്കിലും സഹപ്രവര്‍ത്തകരില്‍നിന്നു മറച്ചുവയ്ക്കുവാന്‍ ഞാന്‍ നിശ്ചയിച്ചിരുന്നു. സംഭവിച്ചത് മറ്റൊന്നായിരുന്നു. എം.ഡി യുടെ പേഴ്സണല്‍ സെക്രട്ടറി മിസ്. ലീനാ ചക്രബര്‍ത്തി പ്രമോഷന്‍റെ ഉത്തരവ് ടൈപ്പ് ചെയ്തതോടൊപ്പം അത് ഓഫീസില്‍ പരസ്യമാക്കാനും അവള്‍ മറന്നില്ല. പിന്നെയുള്ള ഓഫീസ് സമയം അസഹനീയമായിരുന്നു. തലമൂത്ത കാരണവന്മാര്‍ ചാറ്റര്‍ജിയും, ഗുപ്തയും പഞ്ചാബിയും ഒന്നിനുപുറകെ ഒന്നായി കുത്തുവാക്കുകളുടെ കുന്തമുനകള്‍ എറിഞ്ഞുതുടങ്ങിയപ്പോഴും, ക്ഷമയോടെ അവരുടെ അഭിപ്രായപ്രകടനങ്ങള്‍ കേട്ടിരിക്കാന്‍ മനക്കരുത്ത് ഞാന്‍ നേടിക്കഴിഞ്ഞിരുന്നു. അധികാരത്തലപ്പത്തിരിക്കുന്നവരുടെ തന്ത്രം ഒരിക്കലും എതിര്‍ക്കലല്ലായിരുന്നു. നയത്തോടെയുള്ള കഴുത്തറുക്കലയിരുന്നു അവര്‍ക്ക് പ്രിയം. എന്‍റെ ഉള്ളിലെ ഞാന്‍ എന്നെ ശാസിക്കുകയായിരുന്നു. അഭിനന്ദിച്ചവര്‍ രണ്ടേ രണ്ടു പേര്‍ മാത്രം - ലീനാ ചക്രബര്‍ത്തിയും രോഹണി നെയ്യാറും. ഗ്ലാസ് പുഷ് ഡോര്‍ തുറന്ന് ഓഫീസിനു വെളിയിലെത്തി. എനിക്ക് ഓപ്പോളെ കാണാനുള്ള ബദ്ധപ്പാട് അദമ്യമായിരുന്നു. ഫൌണ്ടനില്‍ നിന്ന് ടെര്‍മിനസ്സിലേക്കുള്ള ദൂരം അദ്യമായി എനിക്ക് അനുഭവപ്പെട്ടു. യൂനിവേഴ്സിറ്റിയുടെ ചുമര്‍ഘടികാരം ചലിക്കാതുപോലെ; ഡബിള്‍ഡക്കറില്‍ ഡോള്‍ഫിന്‍ മത്സ്യത്തെ മാതിരി സര്‍ക്കസ്സു കാണിക്കുന്ന ബസ്സിലെ യാത്രക്കാരോട് അമര്‍ഷം; തിരക്കു തിങ്ങിയൊഴുകുന്ന റോഡിലൂടെ ഉരുണ്ടുനീങ്ങുന്ന സ്ഥൂലകൃശഗാത്രികളുടെ പിന്ഭാഗത്തിനു കഥകളിവേഷക്കാരുടെ ഛായ - അവരുടെ കൊഴുത്തുയര്‍ന്ന മുലകള്‍ ദേഹത്തു മുട്ടുമ്പോള്‍ മിണ്ടാന്‍ വയ്യാത്ത അസ്വസ്ഥത. തിരക്കിലൂടെ ഊളിയിട്ടു ഞാന്‍ പ്ലാറ്റ് ഫോമിന്‍റെ മൊസേക്ക് നിലത്ത് ധൃതമായി കാലുകള്‍ ആഞ്ഞുചവിട്ടി. അപ്പോഴും എന്‍റെ അകം നിറയെ ഓപ്പോളെ അറിയിക്കാനുള്ള സന്തോഷവാര്‍ത്തയുടെ ഊഷ്മളതയായിരുന്നു. റോഡിന്‍റെ വളവ് തിരിഞ്ഞപ്പോള്‍ ജനാലയ്ക്കരികില്‍ ഓപ്പോളുടെ സാരിയുടെ നിറം ഞാന്‍ കണ്ടു. പിന്നെ നിഴലും നിറവും അടുക്കളഭാഗത്തേക്കു നീങ്ങി. " അമ്മേ, മാമന്‍ വന്നു. " മരുമകന്‍ തുള്ളിച്ചാടി അരക്കെട്ടില്‍ തൂങ്ങി. " നീ ഇന്ന് നേരത്തെ എത്തിയല്ലോ വിജു. " ഓപ്പോള്‍ ഫ്ലാസ്ക്കില്‍നിന്നു ചായ നീട്ടി പറഞ്ഞു. " ഇന്ന് സമയത്തിറങ്ങി. ഒരു ഗ്ലാഡ് ന്യൂസ്ണ്ട് ട്ട്വോ, ഓപ്പോളെ....... എനിക്ക് ഫാക്റ്ററി മാനേജരായി കയറ്റം കിട്ടി. " " ഗുരുവായൂരപ്പന്‍റെ കടാക്ഷം. നെന്‍റെ ഉയര്‍ച്ചയ്ക്ക് ഞാനെപ്പഴും പ്രാര്‍ത്ഥിക്കാറുണ്ട്. ഫാക്ടറീല് നെനക്ക് ശാപ്പാടൊക്കെ ശരിക്ക് കിട്ട്വൊ, കുട്ടീ? " ഫാക്ടറിക്ക് കാന്‍റീന്‍ ഉണ്ട്. " " നെനക്കതൊന്നും ശരിയാവില്ല, കുട്ടി. നെന്‍റെ വയറ് അതിനൊന്നും പറ്റിയതുമല്ല. ഞാനുംകൂടി പോന്നാലോ? " എങ്ങനെയെങ്കിലും ഓപ്പോളെ പിന്തിരിപ്പിക്കണം. ഫാക്ടറി പരിസരത്തുള്ളവരൊക്കെ കാടന്മാരുടെ മട്ടാണെന്ന് പറഞ്ഞു കേട്ടു. പക്ഷെ, ഓപ്പോളേയും മോനേയും തനിച്ചാക്കി ദൂരെ പോവാനും വിഷമം. വിധവയായ എന്‍റെ ഓപ്പോള്‍ ഏകാന്തതയെ ഭയന്നിട്ടായിരുന്നു നഗരത്തിന്‍റെ പ്രളയത്തില്‍ മുങ്ങിപ്പൊങ്ങാന്‍ എത്തിച്ചേര്‍ന്നത്, സുമാര്‍ രണ്ടുവര്‍ഷം മുമ്പ്. " ഫാക്ടറി നില്‍ക്കുന്നത് കാട്ടു പ്രദേശത്താണ്, ഓപ്പോളെ " " ഞാനും വരുന്നുണ്ട് മാമ......... " ഞങ്ങളുടെ വാക്കുകളത്രയും ശ്രദ്ധിച്ചുരുന്ന മരുമകന്‍ പറഞ്ഞു. " എവിടേക്കു മോനേ? " " അമ്മയും മാമനും പോകുന്ന ദിക്കിലേക്ക്." പ്രായത്തേക്കാള്‍ ബുദ്ധിപ്രകടിപ്പിക്കുന്ന അവന്‍റെ മറുപടികേട്ടു ഞാന്‍ ചിരിച്ചു. " അവിടൊക്കെ ആളുകളെ തിന്നണ പുലികളുണ്ടത്രെ. " " ഇതോണ്ട് അവറ്റയെ ഞാന്‍ കൊല്ലും. " കൈയിലുണ്ടായിരുന്ന കളിത്തോക്ക് ചൂണ്ടി അവന്‍ പറഞ്ഞു. അതു പറയുമ്പോള്‍ അവന്‍റെ കണ്ണുകള്‍ കൂടുതല്‍ തിളങ്ങുകയും നഗരത്തിന്‍റെ നരച്ച വെളിച്ചത്തിന്‍റെ പ്രതിഫലനം ആ കണ്ണുകളില്‍ നിഴലിക്കുകയും ചെയ്തു..( ട്രയല്‍ വാരിക/ ഏപ്രില്‍ 17, 1988 )
ലോഡുചെയ്യുന്നു...