‘വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ ഏറെയായിട്ടും കുട്ടികളില്ലാത്ത ദമ്പതിമാര്‍ എന്തുചെയ്യണം?’ - എന്ന ചോദ്യത്തിന് ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു! ശാരീരികമായ വൈകല്യങ്ങള്‍ മൂലം കുട്ടികള്‍ക്ക് ജന്‍മം നല്‍കാന്‍ സാധിക്കാത്ത ദമ്പതിമാര്‍ വരെ ഇന്ന് സസന്തോഷം പുത്രസൌഭാഗ്യം അനുഭവിക്കുന്നു, ശാസ്ത്രത്തിന്‍റെ വമ്പന്‍ കണ്ടുപിടുത്തങ്ങളുടെ സഹായത്തോടെ! നിങ്ങളുടെ ഗര്‍ഭപാത്രമാണ് പ്രശ്നമെങ്കില്‍ വാടകയ്ക്ക് ഗര്‍ഭപാത്രങ്ങള്‍ റെഡി. ബീജസംങ്കലനത്തിലെ അപാകതകളാണെങ്കില്‍ കൃത്രിമമായ ബീജസങ്കലന വിദ്യകളും തയാര്‍. നരയോ, പ്രായമോ ഒന്നും തന്നെ നമുക്ക് ഇന്നൊരു പ്രതിബന്ധമല്ല. ചുരുക്കിപ്പറഞ്ഞാല്‍ കുട്ടികളുണ്ടാവുക ഇന്ന് ഏറെ നിസാരം! ഭാഗ്യക്കേടിന്, ശാസ്ത്രവും കൈവിട്ടാലോ? എന്തിന് പേടിക്കണം, എത്ര കുട്ടികളെ വേണമെങ്കിലും ദത്തെടുക്കാമല്ലോ!
പണ്ട് കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ദത്തെടുക്കുന്ന രക്ഷിതാക്കളുടെ എണ്ണം വര്‍ഷംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ആഫ്രിക്ക, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്ന് കുട്ടികളെ ദത്തെടുക്കുന്നത് യൂറോപ്പില്‍ ഇന്നൊരു ഫാഷനായി മാറിക്കഴിഞ്ഞു. ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍, ദത്തെടുക്കുന്നതിന്‍റെ കാര്യത്തില്‍ അമേരിക്കയാണ് മുന്‍പന്തിയില്‍. 2001-ല്‍ മാത്രം, ഏകദേശം 127,000 കുട്ടികളെയാണ് അവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി ദത്തെടുത്തത്. 1990-ന് ശേഷം, അമേരിക്കയില്‍ ഓരോ വര്‍ഷവും നടക്കുന്ന ദത്തെടുക്കലിന്‍റെ നിരക്ക് 120,000 ആണ്. 2006-ല്‍, ഇംഗ്ലണ്ടുകാര്‍ 4,764 കുട്ടികളെയും, ഇറ്റലിക്കാര്‍ 3,158 കുട്ടികളെയും, 2002-ല്‍ സ്വീഡന്‍ നിവാസികള്‍ 1044 കുട്ടികളെയും, 2003-04 കാലയളവില്‍ ഓസ്ട്രേലിയാക്കാര്‍ 443 കുട്ടികളെയും ദത്തെടുക്കുകയുണ്ടായി.
ഇനി, ദത്തെടുക്കല്‍ സമ്പ്രദായത്തിലെ നിബന്ധനകളെയും നൂലാമാലകളെയും കുറിച്ച് ചര്‍ച്ച ചെയ്യാം. സിനിമകളില്‍ കാണുന്നതുപോലെ ചുമ്മാതങ്ങ് ആര്‍ക്കും ആരെയും ദത്തെടുക്കാന്‍ സാധിക്കില്ലെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. നിയമപരമായ നിബന്ധനകള്‍ പാലിച്ചാല്‍ മാത്രമേ ദത്തെടുക്കല്‍ പൂര്‍ണ്ണമാവൂ. ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച്, ദത്തെടുക്കുന്ന ദമ്പതികള്‍ സാമ്പത്തികമായും ശാരീരികമായും മെച്ചപ്പെട്ട നിലയിലായിരിക്കണം. സാമ്പത്തിക-ശാരീരിക ബുദ്ധിമുട്ടുകളില്ലാതെ കുട്ടിയെ സസന്തോഷം വളര്‍ത്താനുള്ള അന്തരീക്ഷമാണ് ദമ്പതിമാര്‍ക്ക് ഉണ്ടാവേണ്ടത്. ക്രിമിനല്‍ റെക്കോര്‍ഡുള്ള ഒരാള്‍ക്കും ദത്തെടുക്കാന്‍ ഒരു രാജ്യത്തും അനുവാദമില്ല.
ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് 25 വയസുണ്ടായിരിക്കണം. ദത്തെടുക്കുന്ന ആളിന്‍റെ ഏറ്റവും കൂടിയ പ്രായപരുധി നിശ്ചയിച്ചിട്ടില്ലെങ്കിലും, ദമ്പതിമാര്‍ രണ്ടുപേരുടെയും വയസ് കൂട്ടിയാല്‍ അത് 99 വയസ് കവിയാന്‍ പാടില്ലെന്നുള്ളതാണ് അലിഖിതനിയമം. എന്നാല്‍ ദത്തെടുക്കാന്‍ ഉദ്ദേശിക്കുന്ന കുട്ടിയുടെ പ്രായം കണക്കിലെടുത്ത ശേഷം, ദമ്പതിമാരുടെ പ്രായപരുധിയില്‍ ഇളവും ലഭ്യമാണ്. അതായത്, ഒരു വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന വ്യക്തിയുടെ ഉയര്‍ന്ന പ്രായപരുധി 46 വയസാണെങ്കില്‍, രണ്ട് വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന ആളുടെ ഉയര്‍ന്ന പ്രായപരുധി 47 ആണ്. 12 വയസുള്ള കുട്ടിയെ ദത്തെടുക്കുന്ന രക്ഷിതാവിന്‍റെ വയസ് 55 വരെ ആകാം. അതുപോലെ, കുട്ടിയുടെ ശാരീരിക-മാനസിക ആവശ്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനസര്‍ക്കാരിന് രക്ഷിതാവിന്‍റെ പ്രായപരുധിയില്‍ ഇളവ് വരുത്താനുമാകും. നവജാതശിശുവിനെ ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന രക്ഷിതാവിന്‍റെ പ്രായപരുധി 25-39 ആണ്. ഒറ്റയ്ക്ക് താമസിക്കുന്ന പുരുഷന്‍മാര്‍ ദത്തെടുക്കാന്‍ അയോഗ്യരാണെങ്കിലും, അംഗീകൃത ഏജന്‍സികള്‍ വഴി അപേക്ഷിച്ചാല്‍ കുട്ടികളെ നേടാവുന്നതാണ്. എന്നാല്‍ അത്തരം വ്യക്തികള്‍ക്ക് ആണ്‍കുട്ടികളെ ദത്തെടുക്കാന്‍ മാത്രമേ അനുവാദമുണ്ടാകൂ.
1956-ലെ ഹൈന്ദവ ദത്തെടുക്കല്‍ നിയമപ്രകാരം (The Hindu Adoption and Maintenance Act of 1956), ഇന്ത്യന്‍ പൌരന്മാരായ ഹിന്ദു, സിക്ക്, ബുദ്ധ, ജൈന മതാംഗങ്ങളെല്ലാവര്‍ക്കും കാര്യമായ നിബന്ധനകള്‍ ഒന്നുമില്ലാതെ ഔദ്യോഗികമായി (Formally) ദത്തെടുക്കാനാവും. എന്നാല്‍ ഒരേ ലിംഗത്തില്‍പ്പെട്ട രണ്ട് കുട്ടികളെ ദത്തെടുക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. ഇന്ത്യയില്‍ നിന്ന് ദത്തെടുക്കാന്‍ ആഗ്രഹിക്കുന്ന വിദേശ പൌരന്മാര്‍, NRIs, ഇന്ത്യന്‍ പൌരന്മാരായ ക്രിസ്ത്യാനികള്‍, മുസ്ലീംഗങ്ങള്‍, പാഴ്സികള്‍, യഹൂദര്‍ എന്നിവര്‍ 1890-ലെ രക്ഷകര്‍ത്തൃ നിയമത്തിലെ (The Guardian and Wards Act of 1890) നിബന്ധനകള്‍ കൂടി പാലിച്ചിരിക്കണം. ഇതനുസരിച്ച്, ദത്തെടുക്കുന്നയാള്‍ കുട്ടിക്ക് 18 വയസ് തികയുന്നതുവരെ ‘നിയമപരമായ രക്ഷകര്‍ത്താവ്’ മാത്രമായിരിക്കും. അഹിന്ദുക്കളായ രക്ഷിതാക്കള്‍ ദത്തെടുക്കുമ്പോള്‍ അവര്‍ ജുവനയില്‍ ജസ്റ്റിസ് ആക്ടിലെ (Juvenile Justice Act of 2000) നിബന്ധനകള്‍ക്കും വിധേയരാണ്. മാതാപിതാക്കള്‍ ഉപേക്ഷിക്കുകയോ, ഇഷ്ടാനുസൃതം ദാനം ചെയ്യുകയോ ചെയ്ത കുട്ടികളെ ദത്തെടുക്കുന്ന ദമ്പതികള്‍ മാത്രം ഈ നിയമത്തിലെ നിബന്ധനകള്‍ പാലിച്ചാല്‍ മതി.
(ഇന്ത്യന്‍ പൌരനായ ഒരു അഹിന്ദുവിനോ അല്ലെങ്കില്‍ വിദേശിയ്ക്കോ താന്‍ ആഗ്രഹിക്കുന്നവിധം സുഗമനായി ഇന്ത്യയില്‍ നിന്ന് ദത്തെടുക്കാന്‍ കഴിയില്ലെന്നതാണ് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യം. കാരണം, ഇന്ത്യയില്‍ നിലവിലുള്ള നിയമമനുസരിച്ച് കുട്ടിക്ക് 18 വയസ് പൂര്‍ത്തിയാകുന്നത് വരെ അവര്‍ വെറും ‘രക്ഷകര്‍ത്താക്കള്‍’ മാത്രമായിരിക്കും. ഔദ്യോഗികമായി ഒരു കുട്ടിയെ സ്വപുത്രനായോ പുത്രിയായോ ദത്തെടുക്കാന്‍ നിയമം അഹിന്ദുക്കളെയും വിദേശികളെയും അനുവദിക്കുന്നില്ലെന്നത് കഷ്ടം തന്നെ. ഇന്ത്യയില്‍ നിന്ന് ദത്തെടുക്കുന്നതിന് വിദേശികള്‍ വൈമനസ്യം കാണിക്കുന്നതിനുള്ള പ്രധാന കാരണവും ഈ നിയമമാണ്.)
ദത്തെടുക്കുന്നതിന് മുമ്പ് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ തെരഞ്ഞെടുക്കാനുള്ള അനുമതി ലഭിക്കുമോ എന്നതാവും ഭൂരിപക്ഷം പേരുടെയും ഇപ്പോഴുള്ള സംശയം! ഒരു കുടുംബം ദത്തെടുക്കുന്നത് ആദ്യമായിട്ടാണെങ്കില്‍, അവരുടെ ഇഷ്ടമനുഷരിച്ചുള്ള വയസ്, ലിംഗം, നിറം, മതം, ആരോഗ്യം, മറ്റ് ശാരീരിക പ്രത്യേകതകള്‍ എന്നിവ ഒത്തിണങ്ങിയ ഒരു കുട്ടിയെ ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് അനുയോജ്യരായ കുട്ടികള്‍ അംഗീകൃത ഏജന്‍സികളില്‍ എപ്പോഴും ലഭ്യമായെന്ന് വരില്ല.
Central Adoption Resource Agency എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമാണ് ഇന്ത്യയില്‍ നടക്കുന്ന ദത്തെടുപ്പുകളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും. അവരുടെ ഏജന്‍സികള്‍ നിങ്ങളുടെ വീടും ചുറ്റുപാടുകളും സന്ദര്‍ശിച്ച ശേഷം തയാറാക്കുന്ന സാമ്പത്തിക-ആരോഗ്യ-മാനസിക-ധാര്‍മ്മിക-ക്രിമിനല്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും കുട്ടിയെ നിങ്ങള്‍ക്ക് നല്‍കണമോ വേണ്ടയോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാവൂ. ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല ദത്തെടുക്കല്‍ പ്രക്രിയ. അതിന് ചില മാസങ്ങള്‍ തന്നെ വേണ്ടി വന്നേക്കാം.
കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചാല്‍ അംഗീകൃത ഏജന്‍സികളെ സമീപിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവില്‍ എഴുപത്തി അഞ്ചോളം അംഗീകൃത ഏജന്‍സികളാണ് ഇന്ത്യയില്‍ നടക്കുന്ന ദത്തെടുക്കലിന് രക്ഷിതാക്കളെ സഹായിക്കുന്നത്. അതില്‍ നാലെണ്ണം കേരളത്തിലാണ്. എറണാകുളം, കണ്ണൂര്‍, കോട്ടയം, വയനാട് ജില്ലകളിലാണ് അവ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മുഴുവന്‍ ഏജന്‍സികളുടെയും ലിസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക.
ദത്തെടുക്കാന്‍ പോകുന്ന ദമ്പതിമാര്‍ അവശ്യം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിലേക്ക് കടക്കാം. ദത്തെടുക്കുന്ന കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് രക്ഷിതാക്കന്‍ നിര്‍ബന്ധമായും കരസ്ഥമാക്കുക. ദത്തെടുക്കുന്ന കുട്ടിയുടെ യഥാര്‍ത്ഥ മാതാപിതാക്കളുടെ പിതൃത്വാവകാശം പൂര്‍ണ്ണമായും അസാധുവാക്കിയതായി ഉറപ്പുവരുത്തുക. ദത്തെടുത്ത കുട്ടിയോട് ആരോഗ്യകരമായി എങ്ങനെ പെരുമാറണമെന്നതിനെ കുറിച്ച് നിങ്ങളുടെ മറ്റ് കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അവബോധം നല്‍കുക. Central Adoption Resource Agency ആണ് ഇന്ത്യയിലെ ദത്തെടുപ്പുകളെ നിയന്ത്രിക്കുന്നതെന്ന് പറഞ്ഞല്ലോ. ദത്തെടുക്കല്‍ സംബന്ധിച്ച കൂടുതല്‍ വിശദവിവരങ്ങള്‍ക്ക് ഈ സ്ഥാപനത്തിന്‍റെ വെബ്സൈറ്റിലെ Guidelines എന്ന വിഭാഗം സന്ദര്‍ശിക്കുക.
ദത്തെടുക്കല്‍ നിയമം ഓരോ രാജ്യത്തും വ്യത്യസ്തമാണ്. അമേരിക്കയിലെ നിയമമനുസരിച്ച്, ദത്തെടുക്കുന്ന ദമ്പതികളില്‍ ഒരാള്‍ അമേരിക്കന്‍ പൌരനായിരിക്കണം. വൈവാഹിതരാണ് ദത്തെടുക്കുന്നതെങ്കില്‍ അവര്‍ വിവാഹം കഴിച്ചിട്ട് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും തികഞ്ഞിരിക്കണം. ദത്തെടുക്കല്‍ സംബന്ധിച്ച നിയമങ്ങള്‍ സ്ഥിരമല്ലാത്തതിനാല്‍, അതാത് രാജ്യത്തെ നിയമങ്ങള്‍ സംബന്ധിച്ച് അപ്പപ്പോള്‍ അന്വേഷിച്ചറിയുന്നതാവും ഉചിതം.
Please visit my new website as well: http://sethulakshmi.com/
ലോഡുചെയ്യുന്നു...
പ്രതികരണങ്ങള്‍