Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്‌ച്ചകള്‍

http://www.mathrubhumi.com/php/newFrm.php?news_id=1239152&n_type=HO&category_id=1&Farc=&previous=Y


പരാജയം ഭക്ഷിച്ച്‌ ജീവിക്കുന്ന ആളാണ്‌ വി എസ്‌ എന്ന എം എന്‍ വിജയന്റെ നിരീക്ഷണം ഈ സന്ദര്‍ഭത്തിലും പ്രസക്തമാകുകയാണ്‌. വി എസ്‌ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അംഗമായിട്ട്‌ 69 വര്‍ഷമായി. വളര്‍ന്നും തളര്‍ന്നുമാണ്‌ വി.എസ്‌. തന്റെ രാഷ്ട്രീയജീവിതത്തില്‍ മുന്നേറിയത്‌. അദ്ദേഹത്തിന്റെ പാര്‍ട്ടിജീവിതത്തിലെ പ്രധാന സംഭവങ്ങളിലൂടെ;


1940 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗമായി

1946 ല്‍ പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തു.

1958 ല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി

1964 ല്‍ പാര്‍ട്ടി പിളര്‍പ്പ്‌: ദേശീയ കൗണ്‍സിലില്‍ നിന്നിറങ്ങിപ്പോയവരില്‍ ഒരാള്‍

1965 ല്‍ അമ്പലപ്പുഴയില്‍ നിന്ന്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചുതോറ്റു.

1967 ല്‍ അമ്പലപ്പുഴയില്‍ നിന്ന്‌ ജയിച്ചു.

1970 വീണ്ടും നിയമസഭയിലേക്ക്‌.

1975 അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ചു.

1977 ല്‍ അമ്പലപ്പുഴയില്‍ മത്സരിച്ചുതോറ്റു.

1980 ല്‍ സി പി എം സംസ്ഥാന സെക്രട്ടറി

1986 ല്‍ വീണ്ടും സംസ്ഥാന സെക്രട്ടറി

1992 ല്‍ കോഴിക്കോട്‌ സമ്മേളനത്തില്‍ മത്സരിച്ച്‌ നായനാരോട്‌ തോറ്റു.വിഭാഗീയതക്ക്‌ തുടക്കമായി.

1995 കൊല്ലം സമ്മേളനത്തില്‍ വി എസ്‌ ഔദ്യോഗികപാനലിനെതിരെ മത്സരിച്ചുതോറ്റു.

1996 ല്‍ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി അധികാരത്തിലെത്തി, വി എസ്‌ മാരാരിക്കുളത്തുനിന്ന്‌ തോറ്റു.

1998 ല്‍ പാലക്കാട്‌ സമ്മേളനത്തില്‍ എല്‍ ഡി എഫ്‌ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു.

1998 ല്‍ പിണറായി വിജയന്‍ സംസ്ഥാനസെക്രട്ടറിയായി, വിഭാഗീയതയുടെ മറ്റൊരു ചരിത്രമാരംഭിച്ചു.

2001 ല്‍ ആലപ്പുഴ വിട്ട്‌ മലമ്പുഴയില്‍ നിന്ന്‌ നിയമസഭയിലെത്തി. പ്രതിപക്ഷനേതാവായി.

2001 ല്‍ കണ്ണൂര്‍ സമ്മേളനത്തില്‍ പിണറായി വീണ്ടും പാര്‍ട്ടി സെക്രട്ടറി. വിഭാഗീയത ശക്തം.

2004 ല്‍ മലപ്പുറം സമ്മേളനത്തില്‍ വി എസ്‌ വിഭാഗം വെട്ടിനിരത്തപ്പെട്ടു. പിണറായി വീണ്ടും സെക്രട്ടറി.

2006 ല്‍ വി എസ്‌ മുഖ്യമന്ത്രിയായി.

2007 ല്‍ കോട്ടയം സമ്മേളനം, വിഭാഗീയത ശക്തം,

2007 മെയ്‌ 27 ന്‌ വിഭാഗീയതയുടെ പേരില്‍ പി ബി യില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടു.

2009 ല്‍ ജൂലായ്‌ 12 ന്‌്‌ പി ബിയില്‍ നിന്ന്‌ തരംതാഴ്‌ത്തി.

വിഭാഗീയത അവസാനിക്കുമോ?


സി.പി.എം കേരള ഘടകത്തിലെ വിഭാഗീയത ഒരു ദശാബ്ദം പിന്നിടുമ്പോള്‍ അവസാന അടവില്‍ മുറിവേറ്റത്‌ സി.പി.എമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ വി.എസിന്‌ മാത്രം.

അഴിമതിയുടെ കാര്യത്തില്‍ വി.എസിന്റെ നിലപാടുകള്‍ പാടേ അവഗണിച്ച പാര്‍ട്ടി പിണറായിയെ സംരക്ഷിച്ചപ്പോള്‍ വി.എസിനെ പി.ബിയില്‍ നിന്ന്‌ തരംതാഴ്‌ത്തിയിരിക്കുന്നു.

ലാവലിന്‍ കേസില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത്‌ നിന്ന്‌ പിണറായിയെ നീക്കണമെന്ന്‌ വാദിച്ച വി.എസ്‌ ഒടുവില്‍ പി.ബിക്ക്‌ പുറത്തായി. 2007 മെയ്‌ 27ന്‌ പരസ്യമായ വിഴുപ്പലക്കിന്റെ പേരില്‍ രണ്ട്‌ പേരെയും പി.ബിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

എന്നാല്‍ അധികം വൈകാതെ ഇരുവരേയും തിരിച്ചെടുത്തു. അതിന്‌ ശേഷവും വര്‍ധിതവീര്യത്തോടെ വിഭാഗീയതയുടെ കനലുകള്‍ ആളിക്കത്തി. വി.എസ്‌ പാര്‍ട്ടിയെ അനുസരിക്കുന്നില്ലെന്ന്‌ ഔദ്യോഗിക പക്ഷവും അഴിമതിയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയില്ലെന്ന്‌ വി.എസും വാദിച്ചു.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മാത്രമായി പ്രത്യേക കേന്ദ്ര കമ്മിറ്റിയും പി.ബിയും ചേരുന്ന അപൂര്‍വ്വ കാഴ്‌ചയുമുണ്ടായി. ലാവലിന്‍ കേസില്‍ നിലപാട്‌ മാറ്റാന്‍ പി.ബി തയാറാകില്ലെന്ന്‌ ഉറപ്പായതോടെ അച്ചടക്കത്തിന്റെ വാള്‍ വി.എസിനെതിരെ മാത്രമായി.

പക്ഷേ വി.എസ്‌ പി.ബിക്ക്‌ പുറത്തും പിണറായി പരിക്കേല്‍ക്കാതെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഭാഗീയതയ്‌ക്ക്‌ ഉചിതമായ ചികിത്സയാണോ ഇന്നുണ്ടായതെന്ന കാര്യം ഇനിയും കണ്ടറിയേണ്ടിരിക്കുന്നു.

പാലക്കാട്‌ സമ്മേളനത്തോടെ തുടങ്ങിയ വിഭാഗീയത അതിന്റെ എല്ലാ സീമകളും ലംഘിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ഒരു ദശാബ്ദമായി സി.പി.എമ്മിന്റെ കേരള രാഷ്‌ട്രീയത്തില്‍ കണ്ടത്‌.

പാര്‍ട്ടിയിലെ പ്രബലരായിരുന്ന സി.ഐ.ടി.യു പക്ഷത്തെ അമ്പാടെ വെട്ടിനിരത്തിയ പാലക്കാട്‌ സമ്മേളനത്തില്‍ അതിന്‌ ചുക്കാന്‍ പിടിച്ചത്‌ ഇപ്പോള്‍ കേരള സി.പി.എമ്മില്‍ തീര്‍ത്തും ഒറ്റപ്പെട്ടു നില്‍ക്കുന്ന വി.എസ്‌ ആയിരുന്നു.

എം.എം. ലോറന്‍സ്‌ അടക്കമുള്ള സി.ഐ.ടി.യുക്കാരെ വെട്ടിനിരത്തിയ അന്നത്തെ കരുനീക്കങ്ങളില്‍ വി.എസിന്റെ മുന്നണിപ്പോരാളിയായിരുന്നു പിണറായി.

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കവേ ചടയന്‍ ഗോവിന്ദന്റ ആകസ്‌മിക നിര്യാണത്തെ തുടര്‍ന്ന്‌ തന്റെ വിശ്വസ്‌തനായ പിണറായിയെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത്‌ അവരോധിച്ചത്‌ വി.എസ്‌ തന്നെയായിരുന്നു. അതുവരെ ഒരേ മനസ്സായി പ്രവര്‍ത്തിച്ച ഇരുവരും രണ്ട്‌ വഴിക്ക്‌ പോകുന്ന കാഴ്‌ചകളാണ്‌ പിന്നീട്‌ കണ്ടത്‌.

വളര്‍ത്തിയ പാമ്പ്‌ തന്നെ തിരിഞ്ഞുനോക്കുന്നത്‌ കണ്ട്‌ നില്‍ക്കാനേ ഒരുപരിധി വരെ വി.എസിന്‌ കഴിഞ്ഞു. പാര്‍ട്ടി ക്രമേണ കണ്ണൂര്‍ ലോബിയുടെ പിടിയിലമര്‍ന്നു. പ്രത്യേകിച്ചും പിണറായിയുടെ ചാവേറുകളായി മൂന്നു ജയരാജന്മാരും എന്തിനും കോപ്പുകൂട്ടി പിണറായിക്ക്‌ പിന്നില്‍ അണിനിരന്നു.

സി.ഐ.ടി.യുവിനെതിരെ പ്രയോഗിച്ച യുദ്ധതന്ത്രം മലപ്പുറം സമ്മേളനത്തിലും വി.എസ്‌ പ്രയോഗിച്ച്‌ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്‍ അമ്പേ പിഴച്ചു.





പോംവഴികള്‍ അടഞ്ഞതോടെ മലപ്പുറം സമ്മേളനത്തില്‍ മത്സരത്തിലൂടെ വി.എസ്‌ ഒരു കൈ നോക്കിയെങ്കിലും അദ്ദേഹത്തിന്റെ പാനലിലുണ്ടായിരുന്ന 11 പേരും തോറ്റു. വി.എസ്‌ പോലും കഷ്‌ടിച്ചാണ്‌ സംസ്ഥാന കമ്മിറ്റിയിലേക്ക്‌ കടന്നുകൂടിയത്‌. പിണറായിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തു. പാര്‍ട്ടിയില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഫോണ്‍ചോര്‍ത്തല്‍ വിവാദവും ഉണ്ടായത്‌ മലപ്പുറം സമ്മേളനത്തിലാണ്‌.

മാധ്യമങ്ങളും ജനങ്ങളും പാര്‍ട്ടിയിലെ വിഭാഗീയത ചര്‍ച്ചചെയ്‌തു തുടങ്ങിയിട്ടും ഒരു ചുക്കുമില്ല എന്ന നിലപാടിലായിരുന്നു സി.പി.എം. 2006 ല്‍ വി.എസ്‌ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്‌ തടയാന്‍ പിണറായി പക്ഷം അറ്റകൈ ശ്രമം നടത്തി.

അത്‌ ജനമധ്യത്തില്‍ പോലും അമ്പരപ്പുളവാക്കി. പിണറായിയും വി.എസും മത്സരിക്കേണ്ടെന്ന്‌ പി.ബി തീരുമാനിച്ചപ്പോള്‍ നിങ്ങള്‍ക്ക്‌ ഈ പാര്‍ട്ടിയെക്കുറിച്ച്‌ ഒരു ചുക്കും ഒന്നുമറിയില്ലെന്നായിരുന്നു പിണറായി പറഞ്ഞത്‌.
പക്ഷേ ഇതുപറഞ്ഞ പിണറായിക്ക്‌ പിന്നീട്‌ വി.എസ്‌ മത്സരിക്കാനെത്തുന്നത്‌ കണ്ടുനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ജനവികാരം മനസ്സിലാക്കി ഇതാദ്യമായി പി.ബി സ്വന്തം തീരുമാനം തിരുത്തുകയായിരുന്നു.. വി.എസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടി വന്‍ വിജയം നേടി. അതോടെ സ്വാഭാവികമായും മുഖ്യമന്ത്രിസ്ഥാനത്ത്‌ വി.എസ്‌ എത്തുന്നത്‌ തടയാന്‍ എതിരാളികള്‍ക്ക്‌ കഴിയാതായി.

ആഭ്യന്തര വകുപ്പ്‌ വി.എസില്‍ നിന്നെടുത്ത്‌ മാറ്റിയാണ്‌ എതിര്‍പക്ഷം ആദ്യ വെടിപൊട്ടിച്ചത്‌. അതിന്‌ പുറമേ പ്രധാന വകുപ്പുകളെല്ലാം ഔദ്യോഗിക വിഭാഗത്തുള്ളവര്‍ കൈയ്യടക്കി. ക്രമേണ പാര്‍ട്ടിക്കുള്ളിലും മന്ത്രിസഭയിലും ഔദ്യോഗിക വിഭാഗം വി.എസിനെ വരിഞ്ഞുമുറുക്കി

ജനകീയാസൂത്രണത്തിന്‌ വിദേശ സഹായം ലഭിച്ചതും, എ.ഡി.ബി.സഹായം സ്വീകരിച്ചതും വി.എസ്‌ ആയുധമാക്കി. ക്രമേണ വി.എസിന്റെ നേതൃത്വത്തില്‍ പാരമ്പര്യവാദികളും പിണറായിയുടെ കീഴില്‍ പരിഷ്‌കരണവാദികളും എന്ന്‌ ലേബല്‍ ചെയ്യപ്പെട്ടു

മന്ത്രിസഭയില്‍ പോലും പലപ്പോഴും വി.എസ്‌ ഒറ്റപ്പെട്ടു. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ കാണിച്ച ആര്‍ജ്ജവും ജനമനസ്സുകളില്‍ ഉണ്ടാക്കിയ വിശ്വാസം പക്ഷേ പാര്‍ട്ടി മുഖവിലക്കെടുത്തില്ല. വി.എസിനെ വിലക്കി. അതോടെ മൂന്നാര്‍ അടഞ്ഞ അധ്യായമായി.

എച്ച്‌.എം.ടി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളിലും വി.എസിനെ തുണക്കാന്‍ പാര്‍ട്ടിയുണ്ടായില്ല. ഒന്നിന്‌ പുറകെ ഒന്നായി തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരുന്ന വി.എസ്‌ കീഴടങ്ങാന്‍ തയാറായില്ല. അഴിമതിക്കെതിരായ പോരാട്ടത്തില്‍ പാര്‍ട്ടി പിന്തുണക്കുന്നില്ല എന്ന്‌ വി.എസ്‌ പലപ്പോഴും പറയാതെ പറഞ്ഞു.

വി.എസും പിണറായിയും തമ്മിലുള്ള പോര്‌ ആദ്യ ഘട്ടത്തില്‍ നിഴല്‍ യുദ്ധമായിരുന്നെങ്കില്‍ പിന്നീട്‌ അത്‌ എല്ലാ സീമകളും ലംഘിക്കുന്ന തരത്തിലേക്ക്‌ വളര്‍ന്നു.. മാധ്യമസിന്‍ഡിക്കേറ്റിന്റെ പേരിലുള്ള പരസ്യമായ അഭിപ്രായപ്രകടനങ്ങള്‍ ഇരുവരുടേയും പി.ബിയില്‍ നിന്നുള്ള സസ്‌പെന്‍ഷനിലാണ്‌ കലാശിച്ചത്‌

അപൂര്‍വ്വമായ ഈ അച്ചടക്ക നടപടിക്ക്‌ ശേഷവും രണ്ട്‌ പേരും പോര്‍മുഖങ്ങള്‍ തുറന്നു. പോരാട്ടം വളര്‍ന്നു. ഇതിനിടയ്‌ക്ക്‌ വീണ്ടും ഇരുവരും പി.ബിയില്‍ തിരിച്ചെത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനോട്‌ അനുബന്ധിച്ച്‌ പി.ഡി.പി ബന്ധത്തിന്റെ പേരില്‍ വി.എസ്‌ തന്റെ വിയോജിച്ച്‌ പരസ്യമായി പ്രകടിപ്പിച്ചു.

തീര്‍ത്തും ഒറ്റയാനായി മുന്നോട്ട്‌ പോയ വി.എസിന്‌ അപ്രതീക്ഷിതമായി കിട്ടിയ കച്ചിത്തുരുമ്പാണ്‌ ലാവലിന്‍ കേസ്‌. സി.ബി.ഐ പിണറായിയെ പ്രതിയാക്കിയതോടെ അഴിമതിക്കെതിരായ തന്റെ നിലപാട്‌ തുടരുമെന്ന്‌ വി.എസ്‌ ആവര്‍ത്തിച്ചു. പി.ബി ഈ കേസ്‌ രാഷ്‌ട്രീയ
പ്രേരിതമാണെന്ന്‌ പറഞ്ഞിട്ടും അത്‌ അംഗീകരിക്കാന്‍ വി.എസ്‌ തയാറായില്ല.

പ്രോസിക്യൂഷന്‍ കാര്യത്തിലും പാര്‍ട്ടി ഒന്നാകെ ഗവര്‍ണറെ വെല്ലുവിളിച്ചിട്ടും ഗവര്‍ണറുടെ തീരുമാനത്തിനൊപ്പം വി.എസ്‌ നിന്നു. കാര്യങ്ങള്‍ ഇത്രയുമായതോടെ ഔദ്യോഗിക പക്ഷം വി.എസിനെ വച്ചുപൊറുപ്പിക്കാനാവില്ല എന്ന അവസാന അടവെടുത്തു. വി.എസുമായി ഒന്നിച്ചുപോകാനാവില്ലെന്ന്‌ കാണിച്ച്‌ രാജിഭീഷണി വരെ പയറ്റി.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക പി.ബിയും കേന്ദ്ര കമ്മിറ്റിയും വന്നു. പക്ഷേ പി.ബി പോലും ലാവലിന്‍ കേസിന്റെ പേരില്‍ ഭിന്നതയിലായി. കേന്ദ്രകമ്മിറ്റിയിലും പ്രകാശ്‌ കാരാട്ട്‌ വി.എസിനെതിരെ ശക്തമായ നടപടി വേണമെന്ന്‌ വാദിച്ചു. പക്ഷേ അപ്രതീക്ഷിതമായി ബംഗാള്‍ ലോബി വി.എസിനെതിരെ നടപടി എടുക്കുകയാണെങ്കില്‍ പിണറായിക്കെതിരെയും വേണമെന്ന വാദമുയര്‍ത്തി.

എല്ലാത്തിനുമൊടുവില്‍ അച്ചടക്ക നടപടി വന്നു. വി.എസിനെ പി.ബിയില്‍ നിന്ന്‌ കേന്ദ്രകമ്മറ്റിയിലേക്ക്‌ തരംതാഴ്‌ത്തി. പക്ഷേ വിഭാഗീയത എന്ന്‌ പാര്‍ട്ടി തന്നെ പറയുന്ന അര്‍ബുദത്തിന്‌ ഇത്‌ ഉചിതമായ മരുന്നാണോ. വിഭാഗീയതയ്‌ക്ക്‌ ഈ നടപടിയിലൂടെ അവസാനമാകുമോ. ഇതുവരെ പറഞ്ഞുവന്നത്‌ മുഴുവന്‍ തിരുത്തിപറയാന്‍ വി.എസ്‌ തയാറാകുമോ. പ്രത്യേകിച്ചും ലാവലിന്‍ കേസിന്റെ കാര്യത്തിലൊക്കെ. വി.എസ്‌ എന്ന മനുഷ്യനെ അറിയുന്നവര്‍ അതിന്‌ സാധ്യത കാണുന്നില്ല. അങ്ങനെയെങ്കില്‍ വി.എസിന്റെ അടുത്ത നീക്കം എന്തായിരിക്കും. പി.ബിയില്‍ നിന്നും പുറത്താക്കപ്പെട്ട വി.എസ്‌ മുഖ്യമന്ത്രിസ്ഥാനത്ത്‌ തുടരുമോ. രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത്‌ വി.എസിന്റെ അടുത്ത നീക്കമാണ്‌.

മനു കുര്യന്‍

Date : July 12 2009






പ്രതികരണങ്ങള്‍

Re: രാഷ്ട്രീയ ജീവിതത്തിലെ ഉയര്‍ച്ച താഴ്‌ച്ചകള്‍
തരക്കേടില്ലാത്ത ഒരവലോകനം. ഇവരൊന്നും നന്നാവില്ല, അല്ലങ്കില്‍ തന്നെ അതല്ലല്ലോ ഇവരുടെയൊന്നും ഉദ്ദേശം. പാര്‍ട്ടിയെ ഇഷ്ടപ്പെട്ടിരുന്ന സധാരണക്കാരായ ജനങ്ങള്‍ക്ക് ഇവര്‍ തലങ്ങും വിലങ്ങും ഇരുട്ടടി കൊടുക്കുന്നതല്ലാതെ ഒന്നും ഈ നാട്ടില്‍ നടക്കുന്നില്ല. ജേക്കബ് മാത്യു
നിരാകരണവ്യവസ്ഥ