Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഗിരിജയുടെ മുഖം

ഞാന്‍ കുറെക്കാലം ആലപ്പുഴെ താമസിച്ചിരുന്നു. എന്‍റെ വീട് തത്തമ്പള്ളിയില്‍. അവിടെനിന്നു തോണ്ടന്‍കുളങ്ങര അമ്പലത്തിലേക്കുള്ള റോഡിലൂടെ കുറച്ചുനടന്നാല്‍ തെക്കനാര്യാട്ടേക്കു പോകാനുള്ള പാത കാണാം.. ആ പാതയിലൂടെ ഏതാനുമടി മുന്നോട്ടുപോയാല്‍ ഒരു വീടിന്‍റെ മുന്‍പില്‍ ഗിരിജ നില്‍ക്കുന്നതും കാണാം. കറുത്ത നിറമാണെങ്കിലും അതിസുന്ദരി. സനാതനധര്‍മ്മ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍ അക്കാലത്ത്. സ്ക്കൂളില്‍ ഞങ്ങള്‍ക്കൊക്കെ ഒരു പേരെ പറയാനുണ്ടായിരുന്നുള്ളു. ഒരാളിനെ മാത്രമേ വര്‍ണ്ണിക്കാനുണ്ടായിരുന്നുള്ളു. ഹെഡ്മാസ്റ്റര്‍ മഞ്ചേരി രാമകൃഷ്ണയ്യരുടെ ചൂരലുകൊണ്ടുള്ള അടിമേടിച്ചു പുളയുമ്പോഴും ഒരു ഇമേജ് മാത്രമേ മനസിലുണ്ടായിരുന്നുള്ളു. ഗിരിജ. നട്ടുച്ചയ്ക്ക് പോയാലും അവള്‍ ഗെയ്റ്റിനടുത്തു നില്‍ക്കുന്നുണ്ടാവും. അപ്പോള്‍ ആ കൊടുംവെയില്‍ നിലാവായി രൂപാന്തരപ്പെട്ടിരുന്നു ഞങ്ങള്‍ക്ക്.

ആരെക്കണ്ടാലും പുഞ്ചിരിപൊഴിച്ചിരുന്ന ഗിരിജ എന്നെമാത്രം അവജ്ഞയോടെ നോക്കിയിരുന്നു. ചെറുപ്പക്കാരിയായ അവള്‍ കേവലം ബാലനായിരുന്ന എന്നെ അമ്മട്ടില്‍ വീക്ഷിച്ചതെന്തിനാണ്? അറിഞ്ഞുകൂടാ. അങ്ങനെയിരിക്കെ ഒരുദിവസം അവള്‍ പാതയുടെ ഒരുവശത്ത് എന്തോനോക്കിനടക്കുന്നതു ഞാന്‍ കാണുകയായി. പുല്ലുനിറഞ്ഞ ആ സ്ഥലത്ത് അവള്‍ വല്ലതും കള‍ഞ്ഞിരിക്കും. എന്താ കളഞ്ഞത്? എന്നു ചോദിച്ചാല്‍ ഗിരിജ മറുപടി പറഞ്ഞില്ലെന്നു വരും. എന്നോട് അത്രയ്ക്കായിരുന്നു അവളുടെ വെറുപ്പ്. എങ്കിലും ഞാന്‍ ചോദിച്ചു:- വല്ലതും കളഞ്ഞുപോയോ? ഉത്തരം ഉടനെ "എന്‍റെ ഒരു കൊലുസ്സ്." "വെള്ളിയോ?" "അല്ല, സ്വര്‍ണ്ണം." വളരെനേരം നോക്കിയിട്ട് ഗിരിജ ദുഖഃത്തോടെ വീട്ടിലേക്കു പോയി.

ഞാന്‍ അന്വേഷണം തുടങ്ങി. കമ്പെടുത്ത് ഒരോ പുല്‍ക്കൊടിയും മാറ്റിനോക്കി. ഏതാണ്ട് ഒരുമണിക്കൂര്‍ നോക്കിയപ്പോള്‍ കൊലുസ്സ് കിട്ടി. ഞാന്‍ അതെടുത്തുകൊണ്ടു അവളുടെ വീട്ടിലേക്ക് ഓടി. "ഇതാ തെക്കുവശത്തുള്ള പുല്‍ക്കൂട്ടത്തില്‍ കിടന്നു." അവജ്ഞയോടെ ഗിരിജ അതു വാങ്ങി. നന്ദി പറയുന്നതിനു പകരം അവജ്ഞയോടെ എന്നെ നോക്കി. വീട്ടിനകത്തേക്കു കയറിപ്പോകുകയും ചെയ്തു.

പിന്നീട് അവളെ കാണുമ്പോഴും ആ വെറുപ്പിനു ഒട്ടും കുറവുണ്ടായിരുന്നില്ല. അവള്‍ നേത്രങ്ങള്‍ താഴ്ത്തുമായിരുന്നു. മനഃശാസ്ത്രത്തിലെ ഒരു തത്ത്വമാണിത്. നിങ്ങളെ നിന്ദിക്കുന്നവന് ഉപകാരം ചെയ്യു. നിന്ദനം അവസാനിപ്പിക്കാതെയാണെങ്കിലും പരാജയ മനഃസ്ഥിതിയോടെ അവന്‍ നിങ്ങള്‍ക്കു വിധേയനായി വര്‍ത്തിക്കും. വിമര്‍ശകനെന്ന നിലയില്‍ സാഹിത്യസൃഷ്ടിയുടെ വൈകല്യമെടുത്തുകാണിക്കു. സ്രഷ്ടാവിനു നിങ്ങളോട് അവജ്ഞയാണെങ്കിലും അയാള്‍ക്കു മുന്‍പുണ്ടായിരുന്ന 'സുപീരിയോറിറ്റി കോംപ്ലെക്സ്' നഷ്ടമായി ഭവിച്ചിരിക്കും.

മഹാപണ്ഡിതനായി ഭാവിക്കുന്ന ഒരാള്‍ ഒരിക്കല്‍ ധ്രുവചരിതം കഥകളിയിലെ ഒരു ശ്ലോകം തെറ്റായി വ്യാഖ്യാനിക്കുന്നതു ഞാന്‍ കേട്ടു. വിദ്യാര്‍ത്ഥി പോയയുടനെ ഞാന്‍ ആ സംസ്കൃത പണ്ഡിതനോടു പറഞ്ഞു: "സാര്‍, അത് പ്രഭാത വര്‍ണ്ണനമാണ്. സാറ് പറഞ്ഞതല്ല ആ ശ്ലോകത്തിന്‍റെ അര്‍ത്ഥം" ഞാന്‍ വിശദീകരിച്ചു. പിന്നീട് അദ്ദേഹം എന്നെ കാണുമ്പോഴെല്ലാം ക്ഷതമേറ്റവനെപ്പോലെ നോക്കിയിരുന്നു. സത്യമാണെങ്കില്‍ പറയാനുള്ളതു ധൈര്യത്തോടെ പറയൂ. അത് നിങ്ങളെ ശക്തനാക്കും. എതിരാളിയെ ദുര്‍ബ്ബലനാക്കും.

വര്‍ഷങ്ങള്‍ കഴിഞ്ഞു.......എന്ന സ്ഥലത്ത് ഒരു സ്കൂള്‍ വാര്‍ഷിക സമ്മേളനത്തിനുശേഷം ഞങ്ങള്‍ ശ്രോതാക്കളുടെ കൂടെയിരുന്ന് ഹെഡ്മാസ്റ്റ്റുടെ മകള്‍ പാടുന്നതു കേള്‍ക്കുകയായിരുന്നു. 'ജന്യുയിന്‍ ടലന്‍റ്' എന്നു പാട്ടുകാരിയെ അഭിനന്ദിച്ചു മന്മഥന്‍ സാറ് ഹെഡ്മാസ്റ്ററോടു പറയുന്നതിനിടയില്‍ പിറകിലത്തെ കസേരയില്‍ നിന്നൊരു ശബ്ദം. "എന്നെ ഓര്‍മ്മയുണ്ടോ?" ഞാന്‍ നോക്കി. "ഇല്ല" എന്നു മറുപടി നല്‍കി.

ചോദിച്ച സ്ത്രീ പറഞ്ഞു:- "നമ്മള്‍ ആലപ്പുഴെവച്ചു പരിചയപ്പെട്ടിട്ടുണ്ട്. കളഞ്ഞുപോയ കൊലുസ്സ് നോക്കിയെടുത്തു തന്ന ആളാണ് നിങ്ങള്‍."

ഞാന്‍ സൂക്ഷിച്ചു നോക്കി. ഗിരിജ; വൃദ്ധയായിരിക്കുന്നു. വീണ്ടും സൂക്ഷിച്ചുനോക്കി. അവജ്ഞകലര്‍ന്ന മുഖം. എങ്കിലും നേത്രങ്ങള്‍ താഴുന്നു.

(കടപ്പാട് - സാഹിത്യവാരഫലം - എം.കൃഷ്ണന്‍നായര്‍ - കലാകൌമുദി ആഴ്ചപ്പതിപ്പ്)



നിരാകരണവ്യവസ്ഥ