മലയാള സിനിമയ്ക്കൊരു പുതിയ നടന്‍
മലയാള സിനിമയിലേക്ക് അടുത്തകാലത്തായി രംഗപ്രവേശം ചെയ്ത മുരളി വളരെയേറെ പ്രതീക്ഷകളുണര്‍ത്തുന്ന ഒരഭിനേതാവാണ്. അഭിനയം പരിശീലിക്കുകയും നാടകരംഗത്ത് തിളങ്ങുകയും ചെയ്തിട്ടുള്ള വ്യക്തിയാണ് മുരളി. ആര്‍. നരേന്ദ്രപ്രസാദിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു പ്രവര്‍ത്തിക്കുന്ന 'നാട്യഗൃഹ'ത്തിലെ പ്രധാന നടന്മാരില്‍ ഒരാളാണ് ഈ യുവാവ്. കൊടിയേറ്റം ഗോപിയും നെടുമുടി വേണുവും പയറ്റിത്തെളിഞ്ഞ തലസ്ഥാനത്തെ പഴയതട്ടകങ്ങളില്‍ നിന്നും അഭിനയകലയില്‍ നിരവധി വര്‍ഷത്തെ പരിശീലനം നേടിയതിനുശേഷം സിനിമാരംഗത്തേക്കു പ്രവേശിച്ച മുരളി, ഹരിഹരന്‍ സംവിധാനം ചെയ്യുന്ന 'പഞ്ചാഗ്നി'യില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുലെനിന് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മീനമാസത്തിലെ സൂര്യനി'ല്‍ തൂക്കിലേറ്റപ്പെടുന്ന കയ്യൂര്‍ സഖാക്കളില്‍ ഒരാളായ അബുവിനെ തിരശ്ശീലയില്‍ അനശ്വരനാക്കുന്നത് മുരളിയാണ്. അരവിന്ദന്‍റെ 'ചിദംബര'മാണ് മുരളി അഭിനയിച്ച മറ്റൊരു ചിത്രം. കൊടിയേറ്റം ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി' എന്ന ചിത്രത്തില്‍ ഒരു നക്സലേറ്റ് യുവാവിനെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമാഭിനയരംഗത്ത് ഈ യുവാവ് കടന്നുവന്നത്. തിരഞ്ഞെടുത്ത നല്ല കഥാപാത്രങ്ങളെ സിനിമയില്‍ അവതരിപ്പിക്കാനാണ് മുരളി ഇഷ്ടപ്പെടുന്നത്. പുതിയ രണ്ടു മലയാള ചിത്രങ്ങളിലേക്ക് ഈ നടന്‍ കരാര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.'86ലെ മലയാള സിനിമ ഏറ്റവും ശ്രദ്ധിക്കുന്ന നടന്മാരില്‍ ഒരാളാകും മുരളി (ശ്രീരാഗം - ഡിസംബര്‍ 1985)അരങ്ങിലുണര്‍ന്ന പഞ്ചാഗ്നി
'പഞ്ചാഗ്നി'യുടെ നൂറാം ദിനാഘോഷം നടന്ന എറണാകുളം ഇന്‍റര്‍നാഷണല്‍ ഹോട്ടലില്‍ 'കലാകൌമുദി' ഫിലിം മാഗസിന്‍റെ പേരില്‍ പരിചയപ്പെട്ടപ്പോള്‍ നടന്‍ മുരളി ചോദിച്ചു: എന്നെക്കുറിച്ചൊന്ന് എഴുതാമോ?പഞ്ചാഗ്നിയില്‍ ഏതാനും സീനുകളില്‍ വന്നു മറയുന്ന വില്ലനായ ഭര്‍ത്താവ് പ്രേക്ഷകമനസ്സില്‍ വെറുപ്പ് സൃഷ്ടിച്ച കഥാപാത്രമായിരുന്നു. പാവാടക്കാരിയായ വേലക്കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്യുന്ന അയാളെ നക്സലെറ്റ് പശ്ചാത്തലമുള്ള നായിക പരോള്‍ക്കാലത്ത് വെടിവച്ച് കൊല്ലുമ്പോള്‍ ആ കൊലപാതകം പ്രേക്ഷകര്‍ അംഗീകരിച്ചതുതന്നെ വില്ലനായ ഭര്‍ത്താവായുള്ള മുരളിയുടെ അഭിനയം ഒന്നുകൊണ്ടു മാത്രമായിരുന്നുഅന്ന് മുരളിക്ക് പ്രായം മുപ്പത്.'പഞ്ചാഗ്നി' കഴിഞ്ഞ് കാല്‍നൂറ്റാണ്ടാകുന്നു. ഏതാണ്ട് നൂറ്റമ്പതോളം ചിത്രങ്ങളില്‍ മുരളി പിന്നീട് അഭിനയിച്ചു ഒപ്പം അഭിനയിക്കുന്ന നടനെ തനിക്കൊപ്പമുയര്‍ത്തി, മത്സരിച്ചുള്ള അഭിനയത്തിലൂടെ ആരാണ് മെച്ചമെന്ന് പ്രേക്ഷരെക്കൊണ്ടു പറയിക്കാന്‍ കഴിയാത്ത അഭിനയമുഹൂര്‍ത്തത്തിന്‍റെ വിരുന്നൊരുക്കുന്ന നടന്മാര്‍ ജഗതി, തിലകന്‍, നെടുമുടി വേണു തുടങ്ങി മലയാളത്തില്‍ വിരലിലെണ്ണാനില്ല. എന്നാല്‍ മമ്മുട്ടിക്കും മോഹന്‍ ലാലിനും ഒരുപോലെ പറയാന്‍ കഴിയുന്ന പ്രധാന സപ്പോര്‍ട്ടിങ്ങ് നടന്‍ മുരളിയായിരുന്നു. ഇരുവരും മുരളിയുടെ മരണശേഷം ഈ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തു. മമ്മുട്ടിക്ക് 'അമരം' തന്നെ ഒരു ഉദാഹരണം. മോഹന്‍ ലാലിന് 'ധനം' ഉള്‍പ്പെടെ നിരവധി ചിത്രങ്ങള്‍. ലോഹിതദാസിന്‍റെ പല തിരക്കഥകളിലും നമുക്കിത് കാണാന്‍ കഴിയും.നാടരംഗത്തുനിന്ന് സിനിമാവേദിയിലെത്തിയിട്ടും ഒരിക്കലും നാടകാഭിനയത്തിന്‍റെ പരിമിതികള്‍ സിനിമയിലെ ഒരു കഥാപാത്രത്തിലും നിഴല്‍പരത്തുന്നില്ല എന്നതാണ് മുരളിയെ അരങ്ങില്‍നിന്ന് വെള്ളിത്തിരയിലെത്തിയ മറ്റു നടന്മാരില്‍നിന്ന് വ്യത്യസ്തനാക്കുന്നത്. മുരളിക്ക് മലയാള സിനിമാ പ്രേക്ഷകമനസ്സില്‍ അമരത്വം നേടാനായത് അഭിനയകര്‍മ്മങ്ങള്‍ പഠിച്ചു മനസ്സിലാക്കിയ തിയറിയും പ്രാക്ടിക്കലും ചേര്‍ത്ത് കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്താന്‍ കഴിഞ്ഞതുകൊണ്ടുമാത്രമാണ്. കര്‍ക്കടകത്തില്‍ മണ്മറഞ്ഞ ആ അനശ്വര നടനുവേണ്ടി ഒരുരുള ബലിച്ചോറ്.(കലാകൌമുദി വീക്കെന്ഡ് 16/08/2009)
ലോഡുചെയ്യുന്നു...