Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഓണവും മദ്യവും

ഓണക്കാലത്ത് കേരളത്തിലേക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് അധികൃതരുടെ അടിയന്തരശ്രദ്ധ പതിയേണ്ട ഒന്നാണ്. ലോറികളില്‍ മാത്രമല്ല ആഡംബര കാറുകളിലും സ്പിരിറ്റ് കടത്തുന്നത് അടുത്ത കാലത്ത് അധികൃതര്‍ കണ്ടെത്തിയിരുന്നു.

സ്പിരിറ്റില്‍ കൃത്രിമം കാണിച്ച് ഉത്പാദിപ്പിക്കുന്ന 'വിദേശ' മദ്യം കേരളത്തില്‍, യഥാര്‍ത്ഥ വിദേശമദ്യങ്ങളുടെ അളവിനോടൊപ്പം വിറ്റുപോകുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍തന്നെ പറയുന്നു. വ്യാജമദ്യനിര്‍മ്മാണവും വില്‍പനയും ഏറെ വ്യാപകമാകുന്നത് ഓണക്കാലത്താണ്. പഴുതുകളടച്ചുള്ള പരിശോധനകള്‍ ഉണ്ടാകണമെന്നും കള്ളുഷാപ്പുകളിലും ഹൈവേകളിലും നിരീക്ഷണം ശക്തമാക്കണമെന്നുമാണ് നിര്‍ദ്ദേശം.

കേരളത്തില്‍ ചെറുതും വലുതുമായ പല മദ്യദുരന്തങ്ങളും ഓണക്കാലത്താണുണ്ടായതെന്നത് മറന്നുകൂടാ. ചില എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടേയും സഹായം മദ്യമാഫിയക്കു ലഭിക്കാറുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരുതാനാവില്ല. സ്പിരിറ്റ് കടത്തല്‍, വ്യാജമദ്യനിര്‍മ്മാണം, വിതരണം തുടങ്ങിയവ സംബന്ധിച്ചുള്ള കേസുകളില്‍ പലപ്പോഴും ജോലിക്കാര്‍ മാത്രം പിടിയിലാവുകയും അവയ്ക്കു പിന്നിലുള്ള പ്രമുഖര്‍ രക്ഷപ്പെടുകയും ചെയ്യുന്നു.

വ്യാജമദ്യ നിര്‍മ്മാതാക്കളും അവര്‍ ഏര്‍പ്പെടുത്തുന്ന ഗുണ്ടാസംഘങ്ങളും എന്തുചെയ്യാനും മടിക്കാറില്ല. അധികൃതര്‍ക്ക് പരാതി നല്‍കുന്നവരേയും മദ്യനിരോധനത്തിനു വേണ്ടി പ്രചാരണം നടത്തുന്നവരേയും ഇക്കൂട്ടര്‍ ആക്രമിച്ച സംഭവങ്ങളുണ്ടായി. മദ്യത്തിന്‍റേയും വ്യാജമദ്യത്തിന്‍റേയും ലഭ്യതയിലും ഉപയോഗത്തിലുമുണ്ടായ വന്‍ വര്‍ധന ജനങ്ങളില്‍ വലിയൊരുവിഭാഗത്തിന്‍റെ ആരോഗ്യത്തേയും സാമൂഹികഭദ്രതയെയും ബാധിക്കുകയും സംസ്കാരച്യുതിക്ക് ഇടയാക്കുകയും ചെയ്യുന്നു.

സ്പിരിറ്റ് കടത്ത് തടയാന്‍ കഴിവും ചുമതലാബോധവുമുള്ള പ്രത്യേക സഘത്തെത്തന്നെ നിയോഗിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശിക്കുകയുണ്ടായി.

മദ്യത്തിലും മയക്കുമരുന്നിലും ആകൃഷ്ടരാകുന്ന വിദ്യാര്‍ത്ഥികളുടേയും യുവാക്കളുടേയും എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ സ്കൂള്‍, കോളെജ്തലങ്ങളില്‍ അവയ്ക്കെതിരെ കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുകയും വേണം

(വ്യാജമദ്യത്തിനെതിരെ ജാഗ്രതവേണം, മാതൃഭൂമി ദിനപത്രം, 26/08/2009)



നിരാകരണവ്യവസ്ഥ