Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ഒരൊഴിഞ്ഞ നെല്ലറ

ഏകാന്തത-

ഒരിക്കല്‍ അതെന്‍റെ വീടായിരുന്നു;

ഇന്നു ഞാന്‍ അതിന്‍റെ വീടായിക്കഴിഞ്ഞു

അരൂപിയെങ്കിലും ഒരൊഴിഞ്ഞ നെല്ലറപോലെ

അതെന്നുമെന്നും എന്നില്‍ സ്ഥിതിചെയ്യുമെന്ന് ഞാനറിയുന്നു;

ഘനമില്ലാത്തതെങ്കിലും അതിന്‍റെ ഭാരത്താല്‍

എന്‍റെ കാലുകള്‍ തളരുന്നതും ഞാന്‍ മനസ്സിലാക്കുന്നു

വായനക്കാരാ, പറയൂ, ഞാന്‍ മുന്നോട്ടു നീങ്ങുന്നുവോ,

അതൊ, പിന്നാട്ടാണൊ എന്‍റെ ഈ യാത്ര?

എന്‍റെ വിരുന്നുകാര്‍ എന്‍റെ കണ്ണുകളെ അവഗണിച്ച്

വെള്ളിമോതിരങ്ങളണിഞ്ഞ കാല് വിരലുകളെ മാത്രം

നോക്കിക്കൊണ്ടിരിക്കുന്നു

തലേന്നാള്‍ പഠിച്ചുവെച്ച സ്നേഹവചനങ്ങള്‍

എന്‍റെ ഉമ്മറത്തളത്തില്‍ വെച്ച് അവര്‍ വിസ്മരിക്കുന്നു

യാത്ര പറഞ്ഞു പോയതിനു ശേഷവും പടിവാതില്‍ക്കല്‍

അവരോരോരുത്തരും ഒരു നിമിഷം തങ്ങിനില്‍ക്കുന്നു;

എന്തോ ഓര്‍ത്തെന്നപോലെ അവര്‍ തിരിഞ്ഞുനോക്കുന്നു

പക്ഷെ, അവര്‍ മടങ്ങുന്നില്ല, ഒരിക്കലുമവര്‍ മടങ്ങുന്നില്ല

അവരുടെ കാല്‍വെപ്പുകള്‍ നിരത്തില്‍ക്കൂടി

അകന്നകന്നു പോവുന്നു, എന്നില്‍നിന്നകന്നകന്നു പോവുന്നു

എന്‍റെ ഇരുമ്പുഗേറ്റിന്‍റെ തേങ്ങല്‍ മാത്രം

പിന്നീട് എന്‍റെ സ്വപ്നങ്ങളില്‍ ഞാന്‍ കേ‍ള്‍ക്കുന്നു

(മാതൃഭൂമി ആഴ്ചപതിപ്പ് - 1985 നവംബര്‍ 3-9 - കമലാദാസ്)
>
നിരാകരണവ്യവസ്ഥ