Welcome, Guest   [ Register | Sign In | Take a tour | Adult Filter: On ]

ആഴമാര്‍ന്ന ജീവിതവും അഗാധതയാര്‍ന്ന ചിന്തയും ഇല്ലാത്തവര്‍

ഇരുപതു വര്‍ഷം മുന്‍പാണ്. സൂര്യോദയം കാണാനായി ഞാന്‍ കന്യാകുമാരിയിലെ കടപ്പുറത്തു നില്‍ക്കുകയായിരുന്നു. എന്‍റെ കൂടെ ഒരു സ്നേഹിതനുമുണ്ട്. പൊടുന്നനവേയാണ് ഞാന്‍ ആ ചെറുപ്പക്കാരിയെ കണ്ടത്. കടലിനെ തൊട്ടു വന്ദിച്ചതിനുശേഷം അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി വന്നു. എന്തൊരു സൌന്ദര്യം!

ആ പ്രഭാതകാന്തിയില്‍നിന്ന് പൊട്ടിവിടര്‍ന്ന വേറൊരു പ്രഭാതകാന്തിപോലിരുന്നു അവള്‍. അവളുടെ നെക്ലേസിലെ ചുവന്ന കല്ലുകളില്‍ ഓരോന്നിലും ചുവന്ന കൊച്ചു സൂര്യന്‍. കൈവളകളിലെ ചുവന്ന കല്ലുകളിലും അതേ മട്ടില്‍ ചുവന്ന സൂര്യന്മാര്‍. മന്ദസ്മിതത്തോടുകൂടി അവള്‍ ഞങ്ങളെ കടന്നുപോയപ്പോള്‍ ഞാന്‍ കൂട്ടുകാരനോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു:- "ആര്?" സ്നേഹിതന്‍ പറഞ്ഞു:- "അറിയാന്‍ പാടില്ലേ? നിങ്ങളുടെ വീട്ടിനടുത്തുതന്നെയാണ് താമസം....ഓഫീസില്‍ ജോലി. അമ്പലത്തില്‍ തൊഴാന്‍ വന്നതായിരിക്കണം."

ഒരുമാസം കഴിഞ്ഞു. കാലത്തുചാരുകസേരയില്‍ കിടന്ന് ആലസ്യത്തോടെ ഞാന്‍ പത്രം വായിക്കുകയായിരുന്നു. രണ്ടാമത്തെ പുറത്തു കണ്ണോടിച്ചപ്പോള്‍ അന്നത്തെ ആ സുന്ദരിയുടെ പടം. "എന്‍റെ എല്ലാമായിരുന്ന ശ്രീമതി..... എന്നെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് മൂന്നു ദിവസം തികയുന്നു." ഈ വാക്യത്തിനടുത്ത് ഭര്‍ത്താവിന്‍റെ പേര്.

കന്യാകുമാരിയിലെ ആ പ്രകാശത്തിനു പകരം അന്ധകാരം. അന്നത്തെ അഭിനന്ദത്തിനും ആദരത്തിനും പകരം നിരാശതയും വിഷാദവും. മരണം ആരുടേയും സമ്മതം ചോദിച്ചു കൊണ്ടല്ലല്ലോ ഭവനങ്ങളില്‍ കടന്നു വരുന്നതും അതിനു വേണ്ടവരെ കൊണ്ടുപോകുന്നതും.

എന്നാല്‍ അന്നു വൈകുന്നേരത്തുതന്നെ എനിക്കു കൂടുതല്‍ നൈരാശ്യവും വിഷാദവും ഉണ്ടായി. ശാസ്തമംഗലത്തെ നാലുംകൂടുന്ന വഴീയില്‍ ഞാന്‍ ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ മരിച്ച യുവതിയുടെ ഭര്‍ത്താവ് നടന്നു വരുന്നു. എല്ലാ മുഖങ്ങളിലും വിഷാദത്തിന്‍റെ ദീപ്തിയെന്ന് കവി പറഞ്ഞിട്ടുണ്ട്. പക്ഷെ അയാളുടെ മുഖത്ത് ആഹ്ലാദത്തിന്‍റെ ദീപ്തിയായിരുന്നു. എന്താവാം അതിനു ഹേതു?

ഈ സംഭവത്തിനും വളരെക്കാലം മുന്‍പ് എന്‍റെ ഗുരുനാഥന്‍ മരിച്ചു കിടക്കുന്നു. ബന്ധുക്കളും ശിഷ്യരായ ഞങ്ങളും ദുഃഖിച്ച് ഇരിക്കുന്നു. അപ്പോഴുണ്ട് അദ്ദേഹത്തിന്‍റെ ഭാര്യ ഒന്നും സംഭവിക്കാത്ത മട്ടില്‍ മൃതദേഹത്തിനടുത്തുകൂടെ നടന്നുപോകുന്നു. സങ്കടത്തിന്‍റെ ഛായപോലുമില്ല ആ മുഖത്ത്.

എന്‍റെ അടുത്തിരുന്ന ഡോക്ടര്‍ കെ.ഭാസ്കരന്‍ നായരോടു ഞാന്‍ ചോദിച്ചു:- "സാര്‍, അവര്‍ക്ക് ഒട്ടും ദുഃഖമില്ലല്ലോ. എന്താ കാരണം?" സാര്‍ ദേഷ്യത്തോടെ എന്നോടു പറഞ്ഞു:- "മിണ്ടരുത്." ഞാന്‍ പിന്നീടൊട്ടു മിണ്ടിയതുമില്ല.

ഇന്ന് ആലോചിക്കുന്നു. മരിച്ച തരുണിയും മരിച്ച ഗുരുനാഥനും യഥാക്രമം ഭര്‍ത്താവിനോടും ഭാര്യയോടും ആഴത്തില്‍ ബന്ധപ്പെട്ടില്ലായിരിക്കും. ചെറുപ്പക്കാരിക്കു സൌന്ദര്യപ്രദര്‍ശനത്തിലായിരുന്നിരിക്കും കൌതുകം മുഴുവനും. ഗുരുനാഥന് താന്‍ പഠിപ്പിച്ചിരുന്ന വിഷയത്തിലും

അതില്‍ അദ്ദേഹത്തിന് അതിരു കടന്ന തല്‍പരത്വം ഉണ്ടായിരുന്നതുകൊണ്ട് മറ്റൊന്നിലും മനസ്സിരുത്താന്‍ കഴിഞ്ഞില്ല. മുഷിഞ്ഞ ജുബയും അഴുക്കുപറ്റിയ മുണ്ടും ധരിച്ച് ക്ലാസില്‍ വരും. ജുബയുടെ ബട്ടനിടാന്‍ പലപ്പോഴും മറന്നുപോകും. തല ചീകിവയ്ക്കില്ല. ക്ലാസ് കഴിഞ്ഞ് മേശപ്പുറത്തു കാലുകള്‍ കയറ്റിവച്ച് ഉറങ്ങും. ഉറങ്ങിക്കഴിഞ്ഞാല്‍ പഴഞ്ചന്‍ സൈക്കിളില്‍ കയറി വീട്ടിലേക്കു പോകും.

എന്‍റെ അദ്ധ്യാപകനായിരുന്നു എന്നതുകൊണ്ടു മാത്രം ഞാന്‍ അദ്ദേഹത്തിന്‍റെ ഗ്രന്ഥങ്ങള്‍ വായിച്ചിരുന്നു. അപ്പോഴപ്പോള്‍, മാസികകളില്‍ വന്ന ലേഖനങ്ങള്‍ നോക്കിയിരുന്നു. എല്ലാം സൂപ്പ്രര്‍ഫിഷലായ രചനകള്‍. സാറിന് ആഴത്തിലുള്ള ജീവിതമില്ലായിരുന്നു. അഗാധതയാര്‍ന്ന ചിന്തകളില്ലായിരുന്നു. അതുകൊണ്ട് രചനകള്‍ അന്തസ്സാരശൂന്യങ്ങളായി. ജീവിതവും അങ്ങനെതന്നെ. അങ്ങനെയുള്ള ഒരാള്‍ സ്വന്തം സഹധര്‍മ്മിണിയുടെ മനസ്സിലേക്കു കടക്കുന്നതെങ്ങനെ? അവര്‍ ദുഃഖിക്കാത്തതില്‍ ഞാന്‍ എന്തിനു പരിഭവിക്കണം.

(സാഹിത്യവാരഫലം - എം.കൃഷ്ണന്‍ നായര്‍ - കലാകൌമുദി ആഴ്ചപതിപ്പ്)



നിരാകരണവ്യവസ്ഥ